എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസ് അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിച്ചു; വ്യാജ ആത്മഹത്യാക്കുറിപ്പിനു പിന്നിലും സുധാകരന് പങ്കുണ്ടെന്ന് കുടുംബം
എഡിറ്റര്‍
Wednesday 5th July 2017 11:14am

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി നെഹ്‌റുകോളജില്‍ മരിച്ച എഞ്ചിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിച്ചുവെന്നാണ് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആരോപിക്കുന്നത്.

ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യക്കുറിപ്പ് ഉണ്ടാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുധാകരന്റെ മകന്‍ കൃഷ്ണദാസിന്റെ കോളജില്‍ സൗജന്യമായാണ് പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ഞാന്‍ മുസ്‌ലീമാണ്, അതുകൊണ്ട് കൊല്ലപ്പെടുമെന്ന ഭയമാണ്’ ബുര്‍ഖ ധരിച്ച് യാത്രചെയ്തതിന് പിടിയിലായ എഞ്ചിനിയര്‍ പറയുന്നു


ലക്കിടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ഷഹീറിന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്ന കാര്യം പുറത്തുവന്ന സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ കുടുംബം ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

ഷഹീര്‍ കേസ് ഒതുക്കി തീര്‍ക്കാനാണ് സുധാകരന്‍ ശ്രമിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും ആരോപിച്ചു. കേസ് പിന്‍വലിക്കണമെന്ന് പറയാന്‍ സുധാകരന് അവകാശമില്ല. അദ്ദേഹം കോടതിയല്ലെന്നും മഹിജ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നെഹ്‌റു കോളജ് അധികൃകരുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തായത്. സംഭവത്തിന് പിന്നാലെ ചെര്‍പ്പുളശ്ശേരിയില്‍ രഹസ്യയോഗം നടക്കുന്ന വീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കെ സുധാകരനെ അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു.

രണ്ട് മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ച സുധാകരനെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. താന്‍ മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് എത്തിയതെന്നാണ് സുധാകരന്‍ പറയുന്നത്.

‘അവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ മധ്യസ്ഥനാക്കി. ആ ചര്‍ച്ച കഴിഞ്ഞു. രണ്ട് ആളുകളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥനാകുന്നതില്‍ ഒരു തെറ്റുമില്ല. എനിക്ക് എന്റേതായ ആശയം അതിലുണ്ട്.’ എന്നാണ് സുധാകരന്‍ പറഞ്ഞത്. ന്യായമെന്ന് തോന്നുന്ന വസ്തുതയ്ക്ക് മുമ്പില്‍ താന്‍ എപ്പോഴും നില്‍ക്കും. അതിന് ആരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement