തിരുവനന്തപുരം: ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് കുടുംബം നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരം തടഞ്ഞ് പൊലീസ്.

പൊലീസ് ആസ്ഥാനത്ത് സമരം പാടില്ലെന്ന് പറഞ്ഞാണ് ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളേയും പൊലീസ് തടഞ്ഞത്. ജിഷ്ണുവിന്റെ അമ്മയുള്‍പ്പെടെ 16 പേരെയാണ് പൊലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചത്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ആസ്ഥാനത്തേക്ക് ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് കയറുകെട്ടി ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. അതിനിടെ മഹിജയെ ഡി.ജി.പി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

തന്നെ മകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് മഹിജയും കുടുംബവും നിരാഹാര സമരത്തിനായി എത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാര സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞിരുന്നു. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടിരുന്നു.

സമരത്തിനായി തലസ്ഥാനത്ത് എത്തിയ കുടുംബം ഇന്നലെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യ്ത നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു പൊലീസ് വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാലായിരുന്ന കൃഷ്ണദാസിനെ വിട്ടയച്ചത്. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടിയാണിതെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം ചെയ്യുമെന്നാണ് കുടുംബം പറയുന്നത്.