എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസില്‍ ഒളിവിലുള്ളവര്‍ക്കും ജാമ്യം: മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി
എഡിറ്റര്‍
Tuesday 11th April 2017 3:14pm

കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി. പ്രധാന സാക്ഷി മൊഴികളെല്ലാം ഹൈക്കോടതി തള്ളി. പ്രിന്‍സിപ്പളിന്റേയും സഹപാഠികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കോപ്പിയടിയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം. പ്രതികളെ ജയിലിലടക്കേണ്ട കാര്യമില്ല. കേരളത്തില്‍ ആരേയും ജയിലില്‍ അടക്കാവുന്ന സാഹചര്യമാണ് ഉള്ളത്. ആരേയും പ്രതിയാക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ കോളേജ് അധികൃതരുടെ പീഡനത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.

ഈ കേസ് അടിമുടി പിഴവാണെന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതൊരു കൊലക്കേസാണ്. സത്യം ഒരുകാലത്തും മൂടിവെക്കാനാവില്ലെന്നും കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് പറഞ്ഞു.


Dont Miss VIDEO:- തങ്ങള്‍ക്കെതിരായ പ്രസ്താവന ശിഹാബ് തങ്ങളുടെ കാലത്തായിരുന്നുവെങ്കില്‍ കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടേനെ: നൗഷാദ് ബാഖവി 


ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി പ്രവീണ്‍, അഞ്ചാംപ്രതി ദിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ കാര്യം പരിഗണിക്കാവു എന്നായിരുന്നു കോടതി ഉത്തരവ്.

കേസിലെ മൂന്നാംപ്രതി ശക്തിവേലിന്റെ അറസ്റ്റിന് പിന്നാലെ മറ്റു പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിതമായി ശ്രമിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
ശക്തിവേലിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിനെതിരെ ഭാര്യ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ നടന്ന അറസ്റ്റെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് ശക്തിവേലിന്റെ ഭാര്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. പിന്നാലെ ശക്തിവേലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Advertisement