എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുകേസ് : വാദത്തില്‍ നിന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി; പകരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിക്കും
എഡിറ്റര്‍
Thursday 23rd February 2017 11:44am

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാനും കേസിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വാദത്തില്‍ നിന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി. പകരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു ഹാജരാകും.

നിയമമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സി.പി ഉദയഭാനു ഹാജരാകുന്നത്. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കേസ് നടത്തിയത് ശരിയായ രീതിയിലല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സര്‍ക്കാരിനും ഇതേ നിലാപാടാണ്.

ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


Dont Miss ഗുജറാത്ത്, മുസാഫിര്‍നഗര്‍ കലാപങ്ങള്‍;മോദിയ്ക്കും അഖിലേഷിനും മാപ്പില്ല: ഒവൈസി 


അതേസമയം പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്നാണ് പരിഗണിക്കുന്നത്. അതുവരെ ഇയാളുടെ ഇടക്കാല ജാമ്യം തുടരാനായിരുന്നു കോടതിയുടെ നിര്‍ദേശം.

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പികൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേസില്‍ കൃഷ്ണദാസിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഈ കുറ്റം ചുമത്തിയതില്‍ സിംഗിള്‍ ബഞ്ച് അതൃപ്തിയും പ്രകടിപ്പിച്ചു.

എന്നാല്‍ പ്രതിഭാഗത്തിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ഡി.ജി.പിക്ക് ആയിരുന്നില്ല. ഇതില്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കേസില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന വാദം സര്‍ക്കാര്‍ അഭിഭാഷകന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 15 ആംതിയതി ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടത്തുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ആര്‍ഡിഓ കൃഷ്ണദാസിനെ ക്ഷണിച്ച കത്ത് ഹാജരാക്കിയാണ് പ്രതിഭാഗം ഈ വാദത്തെ ഖണ്ഡിച്ചിരുന്നത്. ഈ വാദത്തെ എതിര്‍ക്കാന്‍ ഡി.ജി.പിക്ക് ആയിരുന്നില്ല.
ജില്ലാ കളക്ടറുടെ പേരിലുളള കത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഡി.ജി.പി ഒഴിഞ്ഞ് മാറിയതും കൃഷ്ണദാസിന് തുണയായിരുന്നു.

Advertisement