എഡിറ്റര്‍
എഡിറ്റര്‍
ജിന്നയുടെ ചിത്രമുള്ള ബസ്സ്; ബംഗളൂരുവില്‍ മലയാള സിനിയുടെ ഷൂട്ടിങ് ഹിന്ദുസംഘടനകള്‍ തടഞ്ഞു
എഡിറ്റര്‍
Saturday 15th July 2017 4:14pm

ബംഗളൂരു: മലയാള ചിത്രം ‘ആഭാസ’ത്തിന്റെ ഷൂട്ടിംഗ് ബെംഗളൂരുവില്‍ ഹിന്ദുസംഘടന തടഞ്ഞു. മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച ബസ് ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് ചിത്രീകരണം തടഞ്ഞത്.

സിനിമയുടെ ഭാഗമായി മുഹമ്മദ് അലി ജിന്നയുടെ ചിത്രം ബസില്‍ ഒട്ടിച്ചതിനെതിരെ ഒരു സംഘമാളുകള്‍ ലൊക്കേഷനിലെത്തി ഭീഷണി മുഴക്കുകായിയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്‌കോട്ടില്‍ സിനിമയുടെ ചിത്രീകരണം നടന്നു വരികയായിരുന്നു.

എന്നാല്‍ ചിത്രീകരണത്തിനായി ഉപയോഗിച്ച പച്ചനിറത്തില്‍ പുറകിലത്തെ വിന്‍ഡോ ഗ്ലാസില്‍ ജിന്നയുടെ ചിത്രം പതിച്ച ബസ് രാജ്യദ്രോഹികള്‍ എന്ന വിമര്‍ശനത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഒരു സംഘം എത്തി ചിത്രീകരണം തടയുകയായിരുന്നു. ഇവരുടെ പരാതിയില്‍ പൊലീസ് ഇടപെടുകയും ജിന്നയുടെ ചിത്രം ബസില്‍ നിന്നും നീക്കിയശേഷം ചിത്രീകരണം തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളിലെ ചില ആഭാസങ്ങളെ കുറിച്ച് വിവരിക്കുന്ന ആക്ഷേപ ഹാസ്യ സിനിമയാണ് ആഭാസം എന്ന് അണിയറക്കാര്‍ പറയുന്നു.


Dont Miss മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; സൈന്യത്തിനെതിരെ സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട് സുപ്രീംകോടതി; വിധിയുടെ പ്രസക്ത ഭാഗങ്ങള്‍


ഗാന്ധിയുടെ നിറമുള്ള വെള്ളനിറമുള്ള ബസിനെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ഇതിന് പുറമെ അംബേദ്കറിന്റെ പടമുള്ള നീല ബസ്, ചുവപ്പ് നിറമുള്ള കാറല്‍ മാക്സിന്റെ ചിത്രമുള്ള ബസ്, ഗോഡ്സേയുടെതായ കാവി നിറമുള്ള ബസും ജിന്നയുടെ മുഖമുള്ള പച്ച നിറമുള്ള ബസുമാണ് സിനിമയില്‍ ഉണ്ടായിരുന്നത്. ഡെമോക്രസി എന്നായിരുന്നു എല്ലാ ബസ്സിന്റേയും പേര്.

ബംഗളൂരുവിലെ നിരത്തിലൂടെ ബസുകള്‍ ഓടിച്ചായിരുന്നു ചിത്രീകരണം. ഇതില്‍ ജിന്നയുടെ ചിത്രം പതിച്ച ബസ്സിന്റെ ചിത്രമായിരുന്നു രാജ്യദ്രോഹികള്‍ എന്ന വിമര്‍ശനത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബസ് കത്തിക്കണമെന്നായിരുന്നു ചിലരുടെ ആഹ്വാനം. ജിന്നയുടെ ചിത്രമൊട്ടിച്ചതിന്റെ ഉദ്ദേശമെന്തെന്ന് ചോദിച്ച് തന്നെ ഒരു സംഘം ഭീഷണിപ്പെടുത്തിയതായും ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായില്ലെന്നും സംവിധായകന്‍ ജുഡിത്ത് പറഞ്ഞു

ജൂഡിത്ത് സംവിധാനം ചെയ്യുന്ന ആഭാസത്തില്‍ റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട്, ശീതള്‍ ശ്യാം എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. രണ്ടു ദിവസത്തെ കൂടി ചിത്രീകരണം ബെംഗളൂരുവില്‍ ഉണ്ടെന്നാണ് സംവിധായകന്‍ മാധ്യമങ്ങളെ അറിയിച്ചത്.

Advertisement