എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ പ്രതികരിക്കുന്നത് എസ്.എഫ്.ഐ എന്ന സംഘടനയോടല്ല; സംഘടനക്കകത്തെ ഫാസിസകൊടി പിടിച്ച സദാചാര ഗുണ്ടകള്‍ക്കെതിരെ: ജീജീഷ്
എഡിറ്റര്‍
Sunday 12th February 2017 4:21pm

jijeesh

 

തിരുവനന്തപുരം: തങ്ങളുടെ പ്രതിഷേധം എസ്.എഫ്.ഐയോടല്ലെന്നും സംഘടനക്കുള്ളില്‍ ഫാസിസകൊടി പിടിച്ച് സദാചാര ഗുണ്ടായിസം നടപ്പിലാക്കുന്നവര്‍ക്കെതിരെയാണാന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ ആക്രമത്തിനിരയായ ജിജീഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിജീഷ് വിഷയത്തില്‍ പ്രതികരണവുമയി രംഗത്തെത്തിയത്.


Also read ‘ദേവ ഭൂമി’യായിരുന്ന ഉത്തരാഖണ്ഡിനെ കോണ്‍ഗ്രസ് ‘കൊള്ളഭൂമിയാക്കി’: മോദി 


പ്രതികരണം വൈകിയതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ കോളേജിലുണ്ടായ സംഭവങ്ങളെ കുറിച്ചും യുവാവ് വിവരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അതിനു വേണ്ടിയാണ് തങ്ങള്‍ മൂന്നു പേരും വിഷയത്തില്‍ ഉറച്ച് നില്‍ക്കുന്നതെന്നും ജിജീഷ് പോസ്റ്റിലൂടെ പറയുന്നു.

എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂര്യഗായത്രി ആ ക്യാംപസിലെ എസ്.എഫ്.ഐയുടെ തെറ്റായ നടപടികള്‍ക്ക് എതിരെ മുന്‍പ് പലപ്പോഴും പ്രതികരിച്ചതിന്റെ ദേഷ്യം അവര്‍ ക്രൂരമായി നടപ്പിലാക്കി എന്നതാണ് സത്യമെന്നും ജിജീഷ് ആരോപിച്ചു. പ്രശ്‌നങ്ങളെ പേടിച്ച് മിണ്ടാതിരിക്കാമായിരുന്നെങ്കിലും പ്രതികരിക്കാതിരിക്കാന്‍ മനസ്സ് സമ്മതിച്ചില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിഷേധമെന്നും ജിജീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘സുഹൃത്തുക്കളെ എന്റെ പ്രതികരണം വൈകിയതില്‍ ഖേദിക്കുന്നു , പതിനഞ്ചോളം ആളുകള്‍ ചേര്‍ന്ന് തലമുതല്‍ കാല്‍ വരെ നിര്‍ത്തിയും കിടത്തിയും ഓടിച്ചിട്ട് തല്ലിയാലുള്ള അവസ്ഥ എന്തായിരിക്കും എന്ന് എല്ലാവര്‍ക്കും ഊഹിക്കാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം, അതുകൂടാതെ കോളേജില്‍ ഞാന്‍ വന്നത് മറ്റു പല കാര്യങ്ങള്‍ക്കു വേണ്ടിയാണെന്നും എന്നെയും എന്റെ സുഹൃത്തുക്കളേയും മോശം സാഹചര്യത്തില്‍ കണ്ടെന്നും അത് കണ്ട് ചോദ്യം ചെയ്ത പെണ്‍കുട്ടിയോട് അപമര്യാദയായി ഞാന്‍ പെരുമാറിയെന്നുമുള്ള കള്ള കേസ് വേറെ. അതിനൊപ്പം തന്നെ ഞാനും സുഹൃത്ത് അസ്മിതയും ഒരുമിച്ചുള്ള ഫോട്ടോയില്‍ വ്യത്തിക്കേടുകള്‍ എഴുതിപിടിപ്പിച്ചും പല രീതിയില്‍ ഞങ്ങളെ മൂന്നു പേരേയും ചേര്‍ത്ത് കള്ള കഥകള്‍ മെനഞ്ഞും തകര്‍ക്കാനുള്ള ശ്രമവും കൂടെ ആയപ്പോള്‍ ശാരീരികവും മാനസികവുമായി തളര്‍ന്ന അവസ്ഥയില്‍ തന്നെ ആയിരുന്നു ഞാന്‍. എല്ലാവര്‍ക്കും സത്യാവസ്ഥ അറിയാമെങ്കിലും എനിക്ക് പറയാനുള്ളത് ഞാന്‍ ഇവിടെ ഇപ്പോള്‍ പറയേണ്ടതുണ്ട് .


Dont miss യൂണിവേഴ്‌സിറ്റി കോളജ് : നല്ലൊരു കഞ്ചാവ് വേട്ട നടത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ; വി.എം വിനു നയിക്കുന്ന ചാനല്‍ചര്‍ച്ചയ്ക്ക് പോയതാണ് ജെയ്ക്കിന്റെ അബദ്ധം: പി.എം മനോജ് 


 

ഞാന്‍ തിരുവനന്തപുരത്ത് വന്നത് എന്റെ ചില എഴുത്തിന്റെ ഭാഗമായിട്ടാണ്, യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ അസ്മിത എന്ന ജാനകിയും, സൂര്യഗായത്രിയും എന്റെ വളരെ നാളുകളായുള്ള സുഹൃത്തുക്കളാണ് .മിക്കവാറും ദിവസങ്ങളില്‍ ഇരുവരേയും നേരില്‍ കാണാറുമുണ്ട് ,അങ്ങനെ ഒരു പതിവ് കൂടിക്കാഴ്ച്ചയില്‍ ആണ് യുണിവേഴ്സ്റ്റിയിലെ നാടകം കാണുന്നതിനായി അവിടേക്ക് ഇരുവര്‍ക്കുമൊപ്പം ഞാന്‍ പോയത് നാടകം നടക്കുന്ന സ്റ്റേജിന്റെ അവസാനത്തെ നിരയിലാണ് ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്നത് , അതിനിടയിലാണ് രണ്ടുപേര്‍ വന്ന് എന്നെ കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ടുപോയത് , ഈ കോളേജില്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചിരിന്ന് നാടകം കാണുവാന്‍ പറ്റില്ലെന്നും കോളേജിന് പുറത്ത് പോവാനും അവര്‍ എന്നോട് പറഞ്ഞു , ഞാന്‍ ഉടന്‍ തന്നെ നാടകം കാണണ്ട എന്ന് തീരുമാനിച്ച് പുറത്തേക്ക് നടക്കുകയും ചെയ്തു അസ്മിതയും സൂര്യഗായത്രിയും എനിക്കൊപ്പം വന്നു, പോകുന്ന വഴിക്ക് കോളേജിന് അകത്ത് വച്ച് അവര്‍ അവരുടെ അദ്ധ്യാപികയെ കാണുകയും ഈ കാര്യം സംസാരിക്കുകയും ചെയ്തു, അതിനിടയില്‍ എന്നെ വീണ്ടും ഇവര്‍ക്കൊപ്പം കോളേജ് കോമ്പൗണ്ടില്‍ കണ്ട വിദ്യാര്‍ത്ഥികള്‍ വീണ്ടും വരികയും യാതൊരു വിധ പ്രകോപനവും ഇല്ലാതെ എന്നെ മര്‍ദ്ധിക്കുകയുമായിരുന്നു, എന്നെ തല്ലുന്നത് ചെറുക്കാന്‍ ശ്രമിച്ച അസ്മിതയേയും സൂര്യഗായത്രിയേയും അവര്‍ തല്ലുകയും കോളേജിന് പുറത്താക്കി ഗേറ്റ് പൂട്ടുകയും ചെയ്തു , പ്രാണരക്ഷാര്‍ത്തം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എന്നെ ഓടിച്ച് പിടിച്ച് കൂട്ടമായി കല്ലും ഇരുമ്പ് വടിയും കൊണ്ട് തല്ലുകയായിരുന്നു, തല്ല് കൊണ്ട് നിക്കാന്‍ പോലും പറ്റാതെ വീണുപോയ എന്നെ ഒരു ക്ലാസ്സ് മുറിയില്‍ കൊണ്ട് പോയി അവിടെയും വച്ച് തല്ലുകയും, പുറത്തിറങ്ങി പോലിസില്‍ പരാതിപ്പെട്ടാല്‍ കഞ്ചാവ് കേസിലോ പെണ്ണ് കേസിലോപെടുത്തും എന്നും ഭീഷണിപ്പെടുത്തുകയും , പുറത്ത് നില്‍ക്കുന്ന അസ്മിതയോടും സൂര്യഗായത്രിയോടും ഫോണ്‍ വിളിച്ച് എനിക്ക് പരാതികള്‍ ഒന്നുമില്ലെന്നും അവരോട് വീട്ടില്‍ പോകാന്‍ പറയിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് എന്നെ പുറത്തേക്ക് വിട്ടത് , കോളേജിന് പുറത്തേക്ക് പോകുന്ന വഴിയില്‍ കോളേജില്‍ ഉണ്ടാര്‍ന്ന പോലീസ് ഉദ്യഗസ്ഥര്‍ പോലും അവരെ ന്യായികരിച്ചാണ് സംസാരിച്ചത്
ഇതാണ് അവിടെ യാഥാര്‍ത്തത്തില്‍ സംഭവിച്ചത് , പെണ്‍കുട്ടികള്‍ക്കൊപ്പം ഒരുമിച്ച് ഇരുന്നതിനും കോളേജിലെ SFI യില്‍ പ്രവര്‍ത്തിച്ചിരുന്ന സൂര്യഗായത്രി ആ ക്യാംപസിലെ SFI യുടെ തെറ്റായ നടപടികള്‍ക്ക് എതിരെ മുന്‍പ് പലപ്പോഴും പ്രതികരിച്ചതിന്റെയും ദേഷ്യം അവര്‍ ക്രൂരമായി നടപ്പിലാക്കി എന്നതാണ് സത്യം
പ്രതികരിക്കാതെ കിട്ടിയ തല്ലും വാങ്ങി വരാന്‍ പോവുന്ന പ്രശ്‌നങ്ങളെ പേടിച്ച് മിണ്ടാതിരിക്കാമായിരുന്നു, പക് ഷേ പ്രതികരിക്കാതിരിക്കാന്‍ മനസ്സ് സമ്മതിച്ചില്ല , ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ച് കൂടാ , ഇതുപോലുള്ള അനുഭവം ആര്‍ക്കും വരാതിരിക്കാന്‍ കൂടിയാണ് ഇരകളായ ഞങ്ങള്‍ ഇതിനെതിരെ ഉറച്ച് നില്‍ക്കുന്നത്,
ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു , ഞങ്ങള്‍ പ്രതികരിക്കുന്നത് SFI എന്ന സംഘടനയോടല്ല , SFI എന്ന സംഘടനക്കകത്തെ ഫാസിസകൊടി പിടിച്ച, സദാചാര ഗുണ്ടായിസം നടപ്പിലാക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ …’

 

Advertisement