എഡിറ്റര്‍
എഡിറ്റര്‍
ദളിത് പോരാട്ടങ്ങള്‍ സ്വത്വരാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുന്നു, ദളിതര്‍ ഇടതായി മാറണം: ജിഗ്‌നേഷ് മെവാനിയുടെ അഭിമുഖം പൂര്‍ണരൂപം
എഡിറ്റര്‍
Friday 23rd September 2016 11:33am

line

തീര്‍ച്ചയായും ഇടതുപക്ഷത്തെ ഒരു സഖ്യമായി ഞാന്‍ കാണുന്നുണ്ട്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇടതുപക്ഷം ദളിതരുടെ കൂടെ ചേരുക അല്ലെങ്കില്‍ ദളിതര്‍ ഇടതുപക്ഷത്തിന്റെ കൂടെ ചേരുക എന്നതല്ല , മറിച്ച് ദളിതര്‍ ഇടതായി മാറുകയെന്നതാണ്.

line

jignes

 

ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ ഗുജറാത്തില്‍ ഉടലെടുത്ത ദളിത് മുന്നേറ്റത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് ജിഗ്നേഷ് മെവാനി. ഉന ദളിത് അത്യാചാര്‍ ലടത് സമിതിയുടെ കണ്‍വീനറായ ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തിലാണ് ദളിതരുടെ അവകാശ പോരാട്ടങ്ങള്‍ മുന്നേറുന്നത്. സരോദ ഗ്രാമത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതോടെ ദളിതര്‍ക്ക് അനുവദിച്ച ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുവേണ്ടി മെവാനിയുടെ നേതൃത്വത്തില്‍ നടന്ന സമരം ഫലം കണ്ടിരിക്കുകയാണ്.

സാമൂഹ്യനീതിക്കൊപ്പം സാമ്പത്തിക നീതിക്കും വേണ്ടിയാവണം ദളിത് പോരാട്ടമെന്നും അതുവഴി പുതിയ വികസന മോഡല്‍ മുന്നോട്ടുവെക്കാനാണ് തങ്ങള്‍ സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മെവാനി പറയുന്നത്. ഇത്തരമൊരു പോരാട്ടത്തെ ഏതുരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നതിനെക്കുറിച്ചും അതു നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ദ ഹിന്ദുവിനു വേണ്ടി ജി സമ്പത്ത് നടത്തിയ അഭിമുഖത്തില്‍ മെവാനി വിശദീകരിക്കുന്നു. ഒപ്പം ‘ഇടതുപക്ഷത്തോടുള്ള നിലപാട് എന്ത്’ എന്ന ചോദ്യത്തിന് ജിഗ്നേഷ് മെവാനി മറുപടി നല്‍കുന്നു.

ഭൂരഹിതരായ ദളിതര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നതാണ് നിങ്ങളുടെ സമരം ഉയര്‍ത്തുന്ന പ്രധാന ആവശ്യം. എത്രത്തോളം പ്രായോഗികമാണിത്? എവിടെ നിന്നാണ് ഇതിനുള്ള ഭൂമി ലഭിക്കുക?

 2002ല്‍ ഗുജറാത്തില്‍ ദളിതര്‍ കലാപത്തില്‍ പങ്കുചേര്‍ന്നു. ഒരു ദളിതനെന്ന നിലയില്‍ ലജ്ജകൊണ്ട് ഞാന്‍ തലകുനിക്കുന്നു.

എല്ലാ ജില്ലയിലും താലൂക്കിലും തരിശുഭൂമിയുണ്ട്. അത് വിതരണം ചെയ്യാന്‍ കഴിയും. ഗുജറാത്ത് ലാന്റ് സീലിങ് നിയമം നടപ്പിലാക്കുക വഴി ഇതു തിരിച്ചെടുക്കാനാകും. കൂടാതെ എസ്.എസി./എസ്.ടി സബ് പ്ലാന്‍ വഴി സര്‍ക്കാറിനു ഭൂമി വാങ്ങി ഭൂരഹിതരായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യാം. ടാറ്റയ്ക്കും, അംബാനിമാര്‍ക്കും സെസിനും ഭൂമി കണ്ടെത്താമെങ്കില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഒ.ബി.സിക്കും ഭൂമി കണ്ടെത്താം. രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് സാധ്യമാണ്.

കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് ഭൂമി നല്‍കുന്നത് എല്ലാവര്‍ക്കും നേട്ടമാകുന്ന സാമ്പത്തിക വികസനത്തിനാണ്. ദളിതര്‍ക്ക് അഞ്ചു ഏക്കര്‍ തരിശുഭൂമി നല്‍കുന്നതിലൂടെ എന്തു നേട്ടമാണുള്ളത്?

ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമാണ് ഭൂപരിഷ്‌കരണം. ഇന്ത്യയെ കൂടുതല്‍ സമത്വാധിഷ്ഠിത സമൂഹമാക്കുക, പാവപ്പെട്ടവരെയും ഭൂരഹിതരെയും ഉയര്‍ത്തിക്കൊണ്ടുവരികയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യന്‍ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇപ്പോഴും അതിജീവനത്തിനായി ആശ്രയിക്കുന്നത് കൃഷിയെയാണ്. കൃഷിഭൂമി കൃഷിക്കാരന് നല്‍കി, ഭൂമിയില്‍ പണിയെടുക്കുന്നവന് ഭൂമി വിതരണം ചെയ്തുകൊണ്ട് ഉല്പാദനവും സാമ്പത്തിക നേട്ടവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഭൂപരിഷ്‌കരണത്തില്‍ അധിഷ്ഠിതമായ ബദല്‍ വികസന മോഡല്‍ സ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

yechuri-and-mewani

സരോദ വില്ലേജ് ഭൂ അവകാശ സമരത്തിന്റെ വിജയത്തെക്കുറിച്ച്…

ഭൂപരിഷ്‌കരണം പേപ്പറില്‍ മാത്രം ഒതുക്കിയ വിശിഷ്ട മാതൃകയാണ് ഗുജറാത്തിനുള്ളത്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശം അവര്‍ നല്‍കാറില്ല. കര്‍ഷകര്‍ പേപ്പറില്‍ കൃഷി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? സരോദ ഗ്രാമത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ 115 കുടുംബങ്ങള്‍ക്ക് 2006ല്‍ തന്നെ 220 ബാഗായോളം ഭൂമി അനുവദിച്ചിട്ടുണ്ട്. നിയമപ്രകാരം 90 ദിവസത്തിനുള്ളില്‍ തന്നെ ഈ ഭൂമിയുടെ ഉടമസ്ഥത കൈമാറേണ്ടതാണ്. നമ്മളിപ്പോള്‍ 2016ലാണ്. ഒമ്പതുവര്‍ഷമായിട്ടും ഈ കുടുംബങ്ങള്‍ ധര്‍ണകളും റാലികളും നടത്തിയും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചും ശ്രദ്ധക്ഷണിച്ചു. ഒരു ഗുണവുമുണ്ടായില്ല.


Read more: ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്: ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുമായുള്ള അഭിമുഖം


 

ഞങ്ങള്‍ക്ക് ഭൂമി നല്‍കാനാവില്ലെങ്കില്‍ ഈ രാജ്യത്തിത്ത് നിന്നു തന്നെ ഞങ്ങളെ പുറത്താക്കൂ എന്ന് പറഞ്ഞ് അവര്‍ രേഖാമൂലം കത്തു നല്‍കി. പക്ഷെ ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് അഹമ്മദാബാദില്‍ വഴിതടയല്‍ സമരം നടത്തി നിയമം ലംഘിക്കാന്‍ ഇത്തവണ ഞങ്ങള്‍ തീരുമാനിച്ചു. പലതും സംഭവിച്ചു. പ്രതിഷേധിച്ചവരില്‍ മൂന്നു സഹോദരിമാര്‍ തളര്‍ന്നു വീണു. ആംബുലന്‍സ് വിളിക്കുന്നതിനു പകരം പോലീസ് അവരെ മര്‍ദ്ദിച്ചു. പക്ഷെ എന്തു സംഭവിച്ചാലും ഞങ്ങള്‍ മടങ്ങില്ലെന്നു തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ ഭൂമി കൈമാറാനുള്ള നടപടികള്‍ ആരംഭിക്കാമെന്നു സമ്മതിച്ചു. ഭൂമിയുടെ അളവെടുപ്പ് തുടങ്ങി. ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ വിജയമാണ്.

സെപ്റ്റംബര്‍ 16ന് ദല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്കു തിരിക്കവെ നിങ്ങള്‍ എന്തിനാണ് അറസ്റ്റു ചെയ്യപ്പെട്ടത്?

ഗുജറാത്ത് മോഡലിന്റെയും ഇവിടുത്തെ ഭരണത്തിന്റെയും വ്യാപ്തിഎത്രത്തോളമുണ്ടെന്നാണ് എന്റെ അറസ്റ്റു പറയുന്നത്. ഇവിടെ നടക്കുന്ന ദളിത് സമരത്തെ ഗുജറാത്ത് സര്‍ക്കാര്‍ എത്രത്തോളം ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്.

mewavni

ഇന്നത്തെ ദളിത് രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

എവിടെയൊക്കെയോ അത് ‘മനുവാദ് മൂര്‍ദ്ദാബാദ്‌’ പോലുളള മുദ്രാവാക്യങ്ങളില്‍ കുടുങ്ങിപ്പോയി. ഈ മുദ്രാവാക്യം വിളിക്കപ്പുറം ദളിത് രാഷ്ട്രീയം വളരേണ്ടതുണ്ട്. എന്നാല്‍ അത് സ്വത്വരാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. സാമൂഹ്യ നീതിക്കൊപ്പം സാമ്പത്തിക നീതിക്കും വേണ്ടി പോരാടാന്‍ സ്വത്വരാഷ്ട്രീയത്തെയും ഭൗതിക രാഷ്ട്രീയത്തെയും യോജിപ്പിക്കുകയെന്നതാണ് വെല്ലുവിളി.

ചരിത്രപരമായി ഇന്ത്യയിലെ ഇടതുപക്ഷം വലിയൊരു തെറ്റ് ചെയ്തിട്ടുണ്ട്. അംബേദ്കറൈറ്റ് രാഷ്ട്രീയവും വലിയൊരു തെറ്റ് ചെയ്തിട്ടുണ്ട്.

ദളിത് ഐക്യം വലിയ വെല്ലുവിളിയാണെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ എങ്ങനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്?

തീര്‍ച്ചയായും. അതുകൊണ്ടാണ് ഞങ്ങളുടെ കാമ്പെയ്ന്‍ മുദ്രാവാക്യങ്ങളിലൊന്ന് ‘ദുനിയ കി ദളിത് ഏക് ഹോ’ എന്നായത്. അടുത്തിടെ ഒരു എന്‍.ജി.ഒ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വ്യത്യസ്ത ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ വലിയ തോതില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു എന്നാണ്. പരിഹരിക്കേണ്ട വലിയൊരു പ്രശ്‌നമാണ് ദളിത് വിഭാഗത്തിലെ ഉപജാതികള്‍ക്കിടയിലെ ജാതീയത.

ദളിത് ഐക്യത്തിന് ഇത് അത്യാവശ്യമാണ്. വരുംദിവസങ്ങളില്‍ ജാതിയേതര വിവാഹങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ ഞങ്ങള്‍ സംഘടിപ്പിക്കും. ജാതിയേതര പ്രണയവും വിവാഹവും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ വാലന്റെയ്ന്‍സ് ഡേ ഉപയോഗിക്കും. ജാതിവിരുദ്ധ രാഷ്ട്രീയത്തിന് ഭൗതിക രൂപം നല്‍കാന്‍ ഇത് സഹായിക്കും.

ദളിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രധാന വെല്ലുവിളി വ്യക്തിപരമായ പുരോഗതി സമുദായിക പുരോഗതിക്കു പകരമായി നില്‍ക്കുന്നു എന്നതാണ്. ഒരു ദളിതന് അധികാരകസേരയില്‍ ഇടംലഭിക്കുമ്പോള്‍ ദളിത് ശബ്ദത്തിന് പ്രാതിനിധ്യം ലഭിച്ചു എന്നുപറഞ്ഞ് നമ്മള്‍ സന്തോഷിക്കും.  പക്ഷെ ആ നേട്ടം ദളിതനായ ഒരു വ്യക്തിയുടേതാണ്. അതൊരിക്കലും മുഴുവന്‍ സമുദായത്തിന്റെയും രാഷ്ട്രീയ ഭൗതിക നേട്ടത്തിനു പകരമാവില്ല.

jignesh
ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പാവപ്പെട്ടവരുടെ ഭൂരഹിതരുടെ രാഷ്ട്രീയം ഒരിക്കലും ഒരു വ്യക്തിയുടെ രാഷ്ട്രീയമാവില്ല. അല്ലെങ്കില്‍ ഏതെങ്കിലും ഒരു നേതാവിനു ചുറ്റും കറങ്ങില്ല. ഇത് തീര്‍ച്ചയായും ആ വിഭാഗത്തിന്റെ മുഴുവന്‍ രാഷ്ട്രീയമാവണം. ദളിത് ആക്ടവിസ്റ്റുകള്‍ അല്ലെങ്കില്‍ ദളിത് രാഷ്ട്രീയക്കാര്‍ അധികാരത്തിലേക്കു തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ താല്‍പര്യം തങ്ങളുടെ കൂട്ടില്‍ ചിറകുവിരിക്കാനാണ് എന്നത് നമ്മള്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ്. എന്നാലിപ്പോള്‍ ജനമുന്നേറ്റത്തിലൂടെ, കൂട്ടമായ ശ്രമത്തിലൂടെ മാത്രമേ തങ്ങള്‍ക്കു വിജയിക്കാനാവൂ എന്ന് ദളിതര്‍ തിരിച്ചറിയാന്‍ തുടങ്ങി. തങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ പ്രതിനിധികള്‍ തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് അവരിപ്പോള്‍ പ്രതീക്ഷിക്കുന്നില്ല.

സ്വത്വരാഷ്ട്രീയത്തിന്റെ പോരായ്മയല്ലേ ഇത്?

എല്ലായ്‌പ്പോഴും അങ്ങനെയാവണമെന്നില്ല. പക്ഷെ ഒരുതരത്തില്‍ അത് അങ്ങനെയാണ്. സ്വത്വരാഷ്ട്രീയത്തില്‍ വൈരുദ്ധ്യങ്ങളുണ്ട്. അതിന് പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ട്. നമ്മുടെ രാഷ്ട്രീയ വിശകലനവും പടയൊരുക്കവും ശക്തമാക്കാന്‍ ഈ വൈരുദ്ധ്യങ്ങളെ മനസിലാക്കേണ്ടതുണ്ട്.

ഈ മുദ്രാവാക്യം വിളിക്കപ്പുറം ദളിത് രാഷ്ട്രീയം വളരേണ്ടതുണ്ട്. എന്നാല്‍ അത് സ്വത്വരാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇടതുപക്ഷത്തോട് എന്ത് മനോഭാവമാണ് സ്വീകരിക്കുന്നത് എന്ന കാര്യത്തില്‍ ദളിത് രാഷ്ട്രീയത്തിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ട്. ഇടതുപക്ഷം എല്ലായ്‌പ്പോഴും ജാതീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തിയിട്ടേയുള്ളൂവെന്നും അവരെ വിശ്വസിക്കേണ്ടതില്ലയെന്നും വിശ്വസിക്കുന്ന അംബേദ്കറൈറ്റ്‌സ് എന്നു പറയുന്ന വിഭാഗമുണ്ട്. ഈ വിഷയത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ്?

തീര്‍ച്ചയായും ഇടതുപക്ഷത്തെ ഒരു സഖ്യമായി ഞാന്‍ കാണുന്നുണ്ട്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇടതുപക്ഷം ദളിതരുടെ കൂടെ ചേരുക അല്ലെങ്കില്‍ ദളിതര്‍ ഇടതുപക്ഷത്തിന്റെ കൂടെ ചേരുക എന്നതല്ല , മറിച്ച് ദളിതര്‍ ഇടതായി മാറുകയെന്നതാണ്. ഇതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് വര്‍ഗ സമരത്തെ ശക്തമായി മനസിലാക്കുകയെന്നാണ്. നമുക്ക് വര്‍ഗരഹിത സമൂഹത്തെ സൃഷ്ടിക്കാനാവില്ലെങ്കിലും കുറഞ്ഞത് ഇന്നത്തെ സമൂഹത്തേക്കാള്‍ അസമത്വം കുറഞ്ഞ ഒരു സമൂഹമെങ്കിലും നമ്മള്‍ ലക്ഷ്യമിടണം.

അടുത്ത പേജില്‍ തുടരുന്നു

Advertisement