എഡിറ്റര്‍
എഡിറ്റര്‍
കളള ചെങ്കൊടികള്‍ കേരളത്തില്‍ ഏറെയുണ്ട്; അവര്‍ അദാനിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്നേഷ് മെവാനി
എഡിറ്റര്‍
Friday 28th July 2017 7:56am

 


കോഴിക്കോട്: കളവായിട്ടുള്ള ചെങ്കൊടികള്‍ കേരളത്തില്‍ ഏറെയുണ്ടെന്ന് ഉന സമരനായകനും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മെവാനി. വടകരയില്‍ കെ.എസ് ബിമല്‍ അനുസ്മരണത്തിന്റെ ഭാഗമായി സഫ്ദര്‍ ഹശ്മി നാട്യസംഘം സംഘടിപ്പിച്ച ‘ഇന്ത്യന്‍ ഫാസിസത്തിന്റെ വര്‍ഗം, വര്‍ണം, പ്രതിരോധം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിനും എല്‍.ഡി.എഫ് സര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശനമാണ് മെവാനി ഉയര്‍ത്തിയത്. കേരളത്തില്‍ കളവായിട്ടുള്ള ചെങ്കൊടികള്‍ ഏറെയുണ്ടെന്നു പറഞ്ഞ അദ്ദേഹം ഗുജറാത്തില്‍ ബി.ജെ.പി അദാനിയെ സ്വീകരിക്കുന്നതുപോലെ കേരളത്തിലും ചുവന്ന പരവതാനി വിരിച്ച് അദാനിയെ അവര്‍ സ്വീകരിക്കുകയാണെന്നും പറഞ്ഞു. ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് ഭൂമിയ്ക്കുവേണ്ടിയുള്ള സമരവുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മൂന്നാലുതവണ വന്നതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.


Must Read:‘എനിക്കും ജീവിക്കണം’; ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ


കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു.

‘അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കണം. പശുവിന്റെ വാല്‍ വേണ്ട, ഭൂമി മതി എന്ന മുദ്രാവാക്യവുമായി ഉത്തരേന്ത്യയില്‍ നടത്തിയ സമരത്തിന് പിന്തുണയുമായി കേരളത്തില്‍ നിന്ന് ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. രണ്ടാം ഭൂപരിഷ്‌കരണം എന്ന ആവശ്യത്തിനും ഇവരുടെ പിന്തുണ വേണം’ അദ്ദേഹം പറഞ്ഞു.

മോദി ഭരണത്തിനു കീഴില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. ലൗജിഹാദ്, ഘര്‍വാപസി, ഗോഹത്യ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതു തന്നെ ഫാസിസമാണ്.

ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ വരേണ്ടത് ഈ സര്‍ക്കാറിന്റെ ആവശ്യമാണ്. 120 കോടി ഇന്ത്യന്‍ ജനത മറ്റു അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ ഉയരുന്നത് തടയാനുള്ള മോദിയുടെ തന്ത്രമാണ് ഇത്.

‘ഈ നാട്ടില്‍ ഭക്ഷണവും അടിസ്ഥാന സൗകര്യവുമില്ല. ജനങ്ങളുടെ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ വിശുദ്ധ പശുവിന്റെ വാലില്‍ കെട്ടാനാണ് മോദി ശ്രമിക്കുന്നത്.’ ജിഗ്നേഷ് പറയുന്നു.

തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് മോദി പറഞ്ഞത് രണ്ടുകോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രണ്ടുലക്ഷം യുവാക്കള്‍ക്കുപോലും ജോലി നല്‍കിയിട്ടില്ല. ഇതു മറച്ചുവെയ്ക്കാനാണ് ഗോഹത്യയും ബീഫുമൊക്കെ ചര്‍ച്ചയില്‍ നിലനിര്‍ത്തുന്നത്.

30 ലക്ഷം വീടുകള്‍ ഉണ്ടാക്കിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന്റെയും ഒരു ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തക പി. പ്രിയ, ജോസഫ് സി മാത്യു എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. ഐ.വി ബാബു അധ്യക്ഷത വഹിച്ചു. പി.സി രാജേഷ്, പി.കെ പ്രിയേഷ് കുമാര്‍, കെ.കെ രമ എന്നിവര്‍ സംസാരിച്ചു.

Advertisement