ജിഗ്നേഷ് മേവാനി (ഫയല്‍ ചിത്രം )

ജിഗ്നേഷ് മേവാനി (ഫയല്‍ ചിത്രം )

പത്തനംതിട്ട: പാവപ്പെട്ടവന്റേയും പിന്നോക്കക്കാരന്റേയും വിഷയത്തില്‍ ഇടപെടുന്ന കാര്യത്തില്‍ കേരളത്തിലെ സി.പി.ഐ.എമ്മിന് ഇരട്ടമുഖമെന്ന് ഉന സമര നേതാവ് ജിഗ്നേഷ് മേവാനി. ചെങ്ങറയില്‍ ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിക്കുന്ന ഭൂസമരം പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിയുടെ ഗുജറാത്ത് മോഡല്‍ പോലെ സംസ്ഥാനത്തിലെ കേരളാ മോഡല്‍ വികസനവും പരാജയമാണെന്നും ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഭൂരഹിതരും അധികാരത്തില്‍ നി്ന്നും പുറന്തള്ളപ്പെട്ടവരുമായ ആദിവാസികള്‍, ദലിത്, തോട്ടം-മത്സ്യ തൊഴിലാളികള്‍, പിന്നോക്കക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചലോ തിരുവനന്തപുരം പ്രസ്ഥാനം ആരംഭിച്ചത്. ചെങ്ങറ സമരഭൂമിയില്‍ നടന്ന ‘ചലോ തിരുവനന്തപുരം’ നയപ്രഖ്യാപനം ഉന സമരനേതാവ് ജിഗ്നേഷ് മേവാനിയാണ് ഉദ്ഘാടനം ചെയ്തത്.

 

ജിഗ്നേഷ് മേവാനി സംസാരിക്കുന്നു

ജിഗ്നേഷ് മേവാനി സംസാരിക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമുള്ള നൂറ് കണക്കിന് പ്രതിനിധികളാണ് ചെങ്ങറയുടെ സമരഭൂമിയില്‍ ഇന്നെത്തിയത്. സംസ്ഥാനത്തിലെ അമ്പതോളം ചെറുതും വലുതുമായ സംഘടനകളുടെ സഹകരണത്തോടെയാണ് ചലോ തിരുവനന്തപുരം പ്രസ്ഥാനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ഭൂസമര ജനകീയസമര മുഖങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സെലീന പ്രക്കാനം, കെ കെ സുരേഷ്, ഡോ. ആസാദ്, ശ്രീരാമന്‍ കൊയ്യോന്‍, കെ കെ രമ, രേഖാ രാജ്, ധന്യ രാമന്‍, കെ എം സലിംകുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, സതി അങ്കമാലി, പ്രഫ. കുസുമം ജോസഫ്, സി എസ് മുരളി, ഗീതാനന്ദന്‍ തുടങ്ങിയവര്‍ വൈകിട്ട് നടന്ന ഉദ്ഘാടന പരിപാടിയില്‍ സംസാരിച്ചു.

രണ്ടാം ഭൂരിപരിഷ്‌കരണത്തിന്റെ മുദ്രാവാക്യം, ജാതികോളനികളില്‍ നിന്നു ദലിത്, ആദിവാസി, മല്‍സ്യതൊഴിലാളി, തോട്ടതൊഴിലാളി തുടങ്ങിയ ജനങ്ങളെ പുറത്തുകൊണ്ടുവരാനുള്ള മുദ്രാവാക്യം, എയ്ഡഡ് മേഖലകളിലെ നിയമങ്ങളില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, കടലിന്റെ മക്കള്‍ക്ക് കടലിനും തീരത്തുമുള്ള ജന്മാവകാശം ഉറപ്പാക്കാനുള്ള മുദ്രാവാക്യം, കായല്‍-തണ്ണീര്‍ത്തട മേഖലകളിലെ പാര്‍ശവല്‍്കൃതര്‍ക്ക് പങ്കാളിത്തമുള്ള വികസന പദ്ധതി, പശ്ചിമഘട്ട സംരക്ഷണം, സ്ത്രീകള്‍, ദലിത് ക്രൈസ്തവര്‍, മതന്യൂനപക്ഷങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ അവകാശ സംരക്ഷണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു.


Also Read: അരങ്ങേറ്റത്തില്‍ തന്നെ താരമായി മലയാളിതാരം രോഹന്‍ ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അണ്ടര്‍ 19 ന് ഗംഭീര വിജയം


കൃഷിഭൂമിയിലെ മൂലധനശക്തികളുടെയും ജാതിമേധാവികളുടെയും നിയന്ത്രണം കാരണം കേരളത്തിലെ ഭൂരഹിതരായ ദലിതര്‍, ആദിവാസികള്‍, മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അരലക്ഷത്തോളം വരുന്ന ജാതികോളനികളിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും ഭവന രഹിതര്‍ക്ക് 327 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള 5 ലക്ഷത്തോളം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് പാര്‍ശ്വവല്‍കൃതരെ വീണ്ടും കോളനിവല്‍ക്കരിക്കാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഇത്തരം കാര്യങ്ങളടക്കം ഉന്നയിച്ചാണ് സമര പ്രസ്ഥാനം ആരംഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ മേയ് അവസാന വാരം വരെ നീണ്ടുനില്‍ക്കുന്ന പദയാത്രയുടെ സമാപനത്തോടെ ജാതി കോളനികളെ നിര്‍മാര്‍ജനം ചെയ്യാനും കേരള മോഡല്‍ വികസന നയം പൊളിച്ചെഴുതാനുമുള്ള ബദല്‍ പരിപാടി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു