തിന്‍ഫു: ലോട്ടറി ബിസിനസ് അധാര്‍മ്മികമാണെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്മെ തിന്‍ലി. ഭൂട്ടാന്‍ ലോട്ടറി മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി കരാറൊപ്പിട്ടത് തന്റെ ഭരണകാലത്തല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറി സംബന്ധിച്ച് വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേഘയുമായി കരാര്‍ റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. വിവാദത്തില്‍ ഇന്ത്യക്ക് മുന്നില്‍ ഭൂട്ടാന്റെ പ്രതിഛായ തകരുന്ന അവസ്ഥയുണ്ടായിട്ടില്ലെന്നും കേരളത്തിലെ പ്രതിപക്ഷം ഇക്കാര്യത്തില്‍ അമിതമായ താല്‍പര്യമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.