Administrator
Administrator
ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്ലാതെ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം : പ്രഫ. എന്‍.വി. അബ്ദുറഹ്മാന്‍
Administrator
Sunday 4th March 2012 11:52pm

ദി ട്രൂത്ത് ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ എന്‍ എം വൈസ്പ്രസിഡണ്ട് പ്രൊഫസര്‍ എന്‍ വി അബ്ദുറഹ്മാന്‍ സംസാരിക്കുന്നു.

 

ജിദ്ദ: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ശേഷം ഇന്നേവരെ ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെയും  അതവതരിച്ച പ്രാകൃത കാലത്തേയും ഒരുപോലെ ഉള്‍ക്കൊള്ളാവുന്ന വിധം വൈരുദ്ധ്യങ്ങളില്ലാതെയും  മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെയും  നിലനില്‍ക്കുന്നത് ഖുര്‍ആനിന്റെ ദൈവികത കൊണ്ട് മാത്രമാണെന്നു ഖുര്‍ആന്‍ ഗവേഷകനും കെ എന്‍.എം. വൈസ് പ്രസിഡണ്ടുമായ പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍.

ഖുര്‍ആനികാദ്ധ്യാപനങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഇന്നത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നും അദ്ദേഹം വിലയിരുത്തി. ദി ട്രൂത്ത് ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘ഖുര്‍ആനിലെ ശാസ്ത്ര സത്യങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യ നിയന്ത്രണമില്ലാതെ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളും, ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത കോടാനുകോടി ജന്തുജാലങ്ങളുടെ സൃഷ്ടിപ്പും തൊട്ട് ഒരു കടുക് മണി പോലും സ്വയം സൃഷ്ടിക്കാന്‍  സാധിക്കാത്ത നിസ്സഹായത വരെ നീളുന്ന സമസ്യകള്‍ ചിന്തിക്കുന്ന മനുഷ്യനെ ഏകനായ സൃഷ്ടാവിലേക്ക് എത്തിക്കും.  തിരൂര്‍ എസ്.എസ്.എം.പോളിടെക്‌നിക് ഇലക്ട്രോണിക് വിഭാഗം മേധാവി കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു. ശ്രോദ്ധാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ ചോദ്യോത്തര സെഷന്‍ ശ്രോതാക്കളെ അവര്‍ക്കജ്ഞാതമായ  ശാസ്ത്രാത്ഭുതങ്ങളിലേക്ക്  കൊണ്ടുപോവുന്നതായി.

ശറഫിയ്യയിലെ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദി ട്രൂത്ത് ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ഗനി എടത്തനാട്ടുകര അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ മുസ്തഫ മണ്ണാര്‍ക്കാട് സ്വാഗതവും അബ്ദുല്‍ ജലീല്‍ സി എച്ച് നന്ദിയും പറഞ്ഞു.

Advertisement