ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയായ ടാലന്റ് ടീന്‍സ് ജിദ്ദയുടെ ആഭിമുഖ്യത്തില്‍ നടന്ന എക്‌സലന്റ്‌സ് ഈവ് 2012 ഇന്ത്യയിലെ വ്യത്യസ്ഥ സംസ്ഥാനങ്ങലിലെ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളുടെ സംഗമമായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ നൂറ്റമ്പതോളം വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ സംഘടിപ്പിച്ച ഈ പരിപാടി ഇത്തരത്തില്‍ ആദ്യത്തേതും സംഘാടനത്തിലും അവതരണത്തിലും പുതുമ പുലര്‍ത്തുന്നതുമായി.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മഷ്ഹൂദ് അഹ്മദ് ഉല്‍ഘാടനം ചെയ്തു. മത്സര പ്രവണതയോടു കൂടി മുന്നേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങള്‍ തുറന്നിരിക്കുന്നെന്നും പ്രവാസികള്‍ക്കിടയില്‍ നിരവധി സംഘടനകളുണ്ടെങ്കിലും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന ടാലന്റ് ടീന്‍സിനു എല്ലാവിധ സഹകരണങ്ങളും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ടാലന്റ് ടീന്‍സ് മുന്‍ ഭാരവാഹിയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ റിസ്‌വാന്‍ ഹസൈനാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉപരിപഠനത്തിന്റെ മേഖലകള്‍ നോക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും കൂട്ടുകാര്‍ക്കുമുപരിയായി സ്വന്തം അഭിരുചികള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും ലക്ഷ്യബോധവും പരിശ്രമവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏതുമേഖലയും കീഴടക്കാമെന്നും അദ്ദേഹം പറഞ്ഞു.

ടാലന്റ് ടീന്‍സ് എന്ത് എന്ന് വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഐ.ടി ക്യാപ്റ്റന്‍ മുഹമ്മദ് റാഷിന്‍ അവതരിപ്പിച്ചു. പുതിയ പ്രൊജക്ടുകള്‍ എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് വിശദീകരിച്ചു. ഹലീം മഅറൂഫ് സമ്മാന വിതരണ സെഷന്‍ നിയന്ത്രിച്ചു.

മുപ്പതാം വാര്‍ഷികാഘോഷ കമ്മറ്റി കണ്‍ വീനര്‍ സ്വലാഹ് കാരാടന്‍, ഇഗ്‌നോ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഇബ്രാഹിം മുല്ല, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ മനേജര്‍ അബ്ദുല്‍ ഹമീദ്, അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റഹ്മത്തുല്ല, ഇന്ത്യന്‍ സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ, നൌഫല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, മുഹമ്മദലി ചുണ്ടക്കാടന്‍, ബഷീര്‍ വള്ളിക്കുന്ന്, നൌഷാദ് കരിങ്ങനാട്, ബഷീര്‍ തൊട്ടിയന്‍, മൂസ പരപ്പില്‍, പീറ്റര്‍ പോളണ്ട് എന്നിവര്‍ അവാര്‍ഡ് വിതരണം നടത്തി. ടാലന്റ് ടീന്‍സ് പ്രസിഡണ്ട് ജിഹാദ് വാണിയമ്പലം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മുഹമ്മദ് സിനാജ് സ്വാഗതവും ട്രഷറര്‍ അഫീഫ് അഹ്മദ് നന്ദിയും പറഞ്ഞു.