റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു. കാസര്‍കോട് ചെമ്മനാട് പരേതനായ മായിന്റെ മകള്‍ ചേക്കനങ്ങോട് റംസീന (25)യാണ് മരിച്ചത്. ജിദ്ദയില്‍ നിന്നും റിയാദിലേക്ക് വരികയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് സ്വദേശി സിറാജിന്റെ ഭാര്യയാണ് റംസീന. സിറാജും മക്കളായ ഷൈമ (ഏഴ്), റഹ്മ (രണ്ട്) ഇവരുടെ കുടുംബ സുഹൃത്തായ സുഹൃത്തായ ചെമ്മനാട് സ്വദേശി ബഷീര്‍, ഭാര്യ ഹസീന, മകന്‍ ഷാനു, ബഷീറിന്റെ സഹോദരീ പുത്രന്‍ അന്‍സാര്‍ എന്നിവരാണ് കഴിഞ്ഞദിവസം ജിദ്ദയില്‍നിന്നും റിയാദിലേക്ക് പുറപ്പെട്ടത്.

റിയാദില്‍ എത്തുന്നതിനുമുമ്പ് 200 കിലോമീറ്റര്‍ അകലെ മജ്മക്കടുത്ത് ഇവര്‍ സഞ്ചരിച്ച കൊറോള കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റംസീന സംഭവസ്ഥലത്തുതന്നെ മരിച്ചു. ഷൈമ, ബഷീര്‍ ഭാര്യ ഹസീന, അന്‍സാര്‍ എന്നിവരെ മജ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഷീര്‍ അബോധാവസ്ഥയിലാണ്. റഹ്മ, ഷാനു എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പതിനെട്ടു വര്‍ഷമായി മദീനയിലുണ്ടായിരുന്ന സിറാജ് ഇപ്പോള്‍ അഞ്ചുവര്‍ഷമായി ജിദ്ദയിലെ കിലോ ഏഴില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു. റംസീനയുടെ ഒരു സഹോദരനായ അന്‍സാര്‍ സിറാജിന്റെ കൂടെ ജോലി ചെയ്യുകയാണ്. മറ്റു സഹോദരങ്ങള്‍: സിറാജ്, ഹാരിസ്, സക്കീര്‍ (ദുബൈ).