റാഞ്ചി: ആധാറില്ലാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട പതിനൊന്നുകാരിയുടെ അമ്മയെ സമീപവാസികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. കൊയ്‌ലി ദേവിയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ മകള്‍ സന്തോഷി കുമാരി പട്ടിണി കിടന്നു മരണപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് കൊയ്‌ലി ദേവിക്ക് ആക്രമണമുണ്ടായത്. ശനിയാഴ്ച വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരത്തുള്ള മനുഷ്യാവകാശപ്രവര്‍ത്തകനായ താരാമണി സാഹുവിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. കൊയ്‌ലി ദേവിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിംദേഗ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്ത്രി പറഞ്ഞു.

Subscribe Us:

സന്തോഷി കുമാരി

സന്തോഷി മരണപ്പെട്ടത് മലേറിയ കൊണ്ടാണെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ മകള്‍ മലേറിയ ബാധിച്ചല്ല മരിച്ചതെന്ന് കൊയ്‌ലി പറഞ്ഞതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 28നാണ് സന്തോഷി മരണപ്പെട്ടിരുന്നത്. ആധാര്‍ കാര്‍ഡുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആറു മാസമായി സന്തോഷിയുടെ കുടുംബത്തിന് റേഷന്‍ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.