ഫാഷന് പ്രായം ഒരു പ്രശ്‌നമേയല്ല..ഒരു കാലത്ത് യുവാക്കള്‍ക്കിടയില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ഫാഷന്‍ പ്രവണത ഇന്ന് പ്രായഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങളും ചെരുപ്പുകളും ആഭരണങ്ങളുമായിരുന്നു അടുത്ത കാലംവരെ ഫാഷന്റെ പ്രതീകങ്ങളായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതോടൊപ്പം ജനങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. മുമ്പൊക്കെ സമയം അറിയാനാണ് നമ്മള്‍ വാച്ച് ധരിക്കുന്നത്. എന്നാല്‍ ഫാഷന്‍ സങ്കല്‍പങ്ങള്‍ മാറിവരുന്ന ഈ കാലത്ത് ട്രെന്‍ഡിന്റെ ഭാഗമായിട്ടാണ് വാച്ചുകള്‍ ധരിക്കുന്നത്.

ഫാഷന്റെ ലോകത്ത് അങ്ങേയറ്റം ട്രെന്‍ഡിയാകാനുള്ള മികച്ചൊരു അക്‌സസറിയാണ് ഇന്ന് വാച്ച്. ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ട്രെന്‍ഡായി മാറിക്കഴിഞ്ഞ വാച്ചുകളില്‍ ജ്വല്ലറി വാച്ചുകള്‍ക്കും ഇന്ന് ആവശ്യക്കാരേറെയാണ്. കേരളത്തില്‍ ജ്വല്ലറി വാച്ചുകള്‍ക്ക് മികച്ചൊരു വിപണിയുണ്ടാവാന്‍ കാരണവും ഈ വര്‍ധിച്ച ആവശ്യകതയാണ്. ഒരു ആഭരണമായി വാച്ചിനെ പരിഗണിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. ധരിക്കുന്ന വസ്ത്രത്തിനനുസരിച്ചും പങ്കെടുക്കുന്ന ചടങ്ങിനനുസരിച്ചും ഇത്തരക്കാര്‍ വാച്ച് ധരിക്കുന്നു.

പലപ്പോഴും സൗന്ദര്യത്തിന്റെ പര്യായമെന്ന നിലയിലാണ് ഇത്തരം വാച്ചുകളെ ജനങ്ങള്‍ പരിഗണിക്കുന്നത്. നാലു ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് ഇവയുടെ വില. സിന്‍ട്ര, സെറാമിക്ക, ഇന്റഗ്രല്‍ തുടങ്ങി വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജ്വല്ലറി വാച്ചുകള്‍ നിര്‍മ്മിക്കുന്നത് പ്രമുഖ സ്വിസ് വാച്ച് നിര്‍മ്മാതാ്ക്കളായ റാഡോ ആണ്. സ്വര്‍ണവും വജ്രവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന, പുതുമ നഷ്ടപ്പെടാത്ത ഇത്തരം വാച്ചുകള്‍ ധരിക്കാന്‍ ചെറുപ്പക്കാര്‍ മാത്രമല്ല, മുതിര്‍ന്നവരും ഇഷ്ടപ്പെടുന്നുണ്ട്.