കോട്ടയം: കോട്ടയത്ത് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് കൊള്ള. തിരുനക്കരയിലെ കുന്നുകുളത്തില്‍ ജ്വല്ലറിയിലാണ് കൊള്ള നടന്നത്. മോഷണത്തിനെത്തിയ സംഘം തോക്കുചൂണ്ടുകയും തറയിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സ്വര്‍ണ്ണാഭരണങ്ങള്‍ വാരിയെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി.

കോട്ടയം രജിസ്‌ട്രേഷനിലുള്ള കെ.എല്‍. അഞ്ച് എ.സി 6125 നമ്പര്‍ ബൈക്കിലാണ് രണ്ടംഗ സംഘമെത്തിയത്. ബൈക്ക് ഉപേക്ഷിച്ച ശേഷം ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്. തേവാരം സ്വദേശി മണികണ്ഠനാണ് കുമരകത്ത് നിന്ന് പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാളില്‍ നിന്ന് ആഭരണങ്ങളും തോക്കും പിടികൂടിയിട്ടുണ്ട്.

ഉച്ചക്ക് 12.45 ഓടെയാണ് സംഭവമുണ്ടായത്. സംഘത്തിലെ ഒരാള്‍ മുഖം മറച്ചിരുന്നതായും മറ്റൊരാള്‍ക്ക് വെപ്പ് താടിയുണ്ടായിരുന്നതായും കടയുടമ പറഞ്ഞു. ജ്വല്ലറിയിലെത്തിയ സംഘം ആദ്യം വള വേണമെന്നാണ് ആവശ്യപ്പെട്ടത്. വളയെടുക്കാനായി ജീവനക്കാരന്‍ തിരിഞ്ഞപ്പോള്‍ സംഘം തോക്ക് പുറത്തെടുത്ത് നിലത്തേക്ക് വെടിയുതിര്‍ത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി. എല്ലാവരോടും നിലത്ത് ഇരിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കൗണ്ടറിലേക്ക് കടന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കൂട്ടി ബാഗില്‍ നിറക്കുകയായിരുന്നു. പിന്നീട് ജ്വല്ലറിയില്‍ നിന്നിറങ്ങിയ ജീവനക്കാര്‍ പിറകെ പോയെങ്കിലും സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു.