എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സീല്‍ ചെയ്തു
എഡിറ്റര്‍
Monday 25th November 2013 4:00pm

malabar-gold

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിനും ബന്ധമെന്ന് സൂചന.  കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്)റെയ്ഡ് നടത്തുകയും സീല്‍ ചെയ്യുകയും ചെയ്തു.

ഇന്നലെ വൈകിട്ടാരംഭിച്ച റെയ്ഡ് നടപടികള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പൂര്‍ത്തിയായത്. ഞായറാഴ്ച രാത്രി ഓഫീസ് താത്കാലികമായി മുദ്രവെച്ചതിന് ശേഷം ഇന്ന് രാവിലെ വീണ്ടും റെയ്ഡ് നടത്തുകയായിരുന്നു.

തിങ്കളാഴ്ച 11.15 ഓടു പുനരാരംഭിച്ച റെയ്ഡ് വൈകീട്ട് മൂന്ന് മണിയോടു കൂടിയാണ് അവസാനിച്ചത്. ഡി.ആര്‍. ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജെ കൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് മലബാര്‍ ഗോള്‍ഡിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത്.

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അഷറഫും കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ട് ജോജിന്‍ ജോര്‍ജ്ജിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു  ഡി.ആര്‍. ഐ സംഘത്തിന്റെ പരിശോധന.  മറ്റ് സറ്റാഫംഗങ്ങളും ഈ സമയത്ത ഓഫീസിലുണ്ടായിരുന്നു.

സ്വര്‍ണക്കടത്തില്‍ പിടിയിലായ ഷഹബാസ് നേരത്തേ തന്നെ ജ്വല്ലറി ഗ്രൂപ്പിന് സ്വര്‍ണം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഷഹബാസില്‍ നിന്നും പ്രസ്തുത ജ്വല്ലറി ഗ്രൂപ്പ് 10 കിലോയിലധികം സ്വര്‍ണം വാങ്ങിയതായി ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടര്‍ അഷ്‌റഫ് ഡി.ആര്‍.ഐയോട് സമ്മതിച്ചു.

ഡയറക്ടറുടെ മൊഴി ഡി.ആര്‍.ഐ രേഖപ്പെടുത്തി. കളളക്കടത്ത് സ്വര്‍ണമാണെന്ന് അറിയാതെയാണ് വാങ്ങിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ജ്വല്ലറി ഗ്രൂപ്പ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയത്.

ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം ജ്വല്ലറികളാണ് ഈ ഗ്രൂപ്പിനുള്ളത്.
ചലച്ചിത്രതാരം മോഹന്‍ലാല്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ അമ്മ ഭാരവാഹി ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന നബീലിനും അബ്ദുള്ളയ്ക്കും വേണ്ടിയുള്ള അന്വേഷണം ഡി.ആര്‍.ഐ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം, ഒരു ഗ്രാം സ്വര്‍ണ്ണം പോലും കള്ളക്കടത്തുകാരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്ന് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പ്രതികരിച്ചു. ഷഹബാസ് രക്ഷപ്പെടാനായി തങ്ങളുടെ പേര് പറഞ്ഞതാവുമെന്നും നിയമവിരുദ്ധമായി ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നുമായിരുന്നു മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അഷറഫിന്റെ പ്രതികരണം.

Advertisement