ലഖ്നൗ: നോയിഡയില്‍ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വയോധികനെ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഭവം ബീഫ് കഴിച്ചതിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായ 40കാരന്റെ വാക്കുകള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘അവര്‍ ഞങ്ങളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കിയ ശേഷം മുസ്ലിങ്ങളാണോയെന്ന് ചോദിച്ചു, അതേയെന്ന് പറഞ്ഞപ്പോള്‍ ബീഫ് കഴിച്ചിട്ടുണ്ടോയെന്നായി ചോദ്യം. ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും നിങ്ങളെയൊരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് അക്രമിക്കുകയായിരുന്നു.’ അക്രമണത്തിനിരയായയാള്‍ പറയുന്നു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ജവാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനുശേഷം തങ്ങള്‍ വല്ലാത്തൊരു മാനസ്സികാവസ്ഥയിലായിരുന്നെന്നും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്ന വേളയില്‍ ചില കാര്യങ്ങള്‍ വിട്ടുപോയെന്നും അദ്ദേഹം വിശദീകരിച്ചു.


Must Read:‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; ഇന്ന്‌ സംസ്ഥാനത്തെ 201 ഏരിയ കേന്ദ്രങ്ങളില്‍ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍ 


നേരത്തെ പറയാത്തത് കൊണ്ട് എഫ്.ഐ.ആറില് ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നും കാര്യങ്ങള്‍ വിശദമായി അവരോട് അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി ലൗ കുമാര്‍ പറഞ്ഞു.

നേരത്തെ ഞങ്ങളുടെ അയല്‍വാസിയും അക്രമിസംഘത്തിലുണ്ടായിരുന്നെന്നും അയാളുമായുള്ള തര്‍ക്കമാണ് അക്രമണത്തിന് കാരണമായതെന്നും സംഘത്തിലുണ്ടായിരുന്നൊരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു.

താന്‍ അബോധാവസ്ഥയിലായിരുന്നെന്നും തന്റെ അയല്‍ക്കാരാണ് ആക്രമിച്ചതെന്ന തരത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുന്നുവെന്നുമാണ് യുവതി പറഞ്ഞത്. അതേസമയം യുവതി മൊഴി തിരുത്തിയത് ഭീഷണി ഭയന്നാണെന്നും റിപ്പോര്‍ട്ടുണ്ട്.