ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യാമയാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണ് നടപടി.

പുതുക്കിയ നിരക്ക് പ്രകാരം ടിക്കറ്റിനൊപ്പെ 200 രൂപ സര്‍ചാര്‍ജ് കൂടി ഇനി യാത്രക്കാര്‍ നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്ക് വര്‍ധനവ് ശനിയാഴ്ച മുതല്‍ നിലവില്‍ വരും

എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവില കൂടിയതിനാലാണ് യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാവുന്നതെന്ന് കമ്പനി അധികൃതര്‍ വ്യകതമാക്കി. എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവില കിലോ ലിറ്ററിന് 1,429 രൂപ വര്‍ധിച്ച് 58,452 രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനി യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തിയത്.

ഇന്ധനവിലയില്‍ 2.5 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ധനവില കൂടിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളായ കിങ് ഫിഷര്‍, എയര്‍ ഇന്ത്യ എന്നിവയും വൈകാതെ തന്നെ യാത്രാനിരക്കില്‍ വര്‍ദ്ധനവ് വരുത്തുമെന്നാണ് കരുതുന്നത്.