മുംബൈ: പെട്രോളിന് വിലകൂടിയതോടെ ജെറ്റ് ഇന്ധനത്തേക്കാള്‍ വില പെട്രോളിനായി. വിമാന ഇന്ധന (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വിലയില്‍ 2.9 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ വിമാനടിക്കറ്റിലെ സര്‍ച്ചാര്‍ജ്ജില്‍ കുറവൊന്നും വരുത്തില്ലെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

കൊച്ചിയില്‍ വിമാനഇന്ധനത്തിന്റെ വില ലിറ്ററിന് 62 രൂപയാണ്. എന്നാല്‍ പെട്രോളിന് ചില്ലറവില്‍പ്പന വില 66.88 രൂപയാണ്. വിമാനഇന്ധനത്തിന് കസ്റ്റംസ് തീരുവയും എക്‌സൈസ് തീരുവയും ഈടാക്കാത്തതാണ് വിലയിടിയാന്‍ കാരണം.

അതിനിടെ ജെറ്റ ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ടായാല്‍ യാത്രാനിരക്ക് കൂട്ടുന്ന കമ്പനികള്‍ ഇന്ധനവില കുറയുമ്പോള്‍ യാത്രാനിരക്ക് കുറയ്ക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതാദ്യമായല്ല വിമാനഇന്ധന വില പെട്രോള്‍ വിലയേക്കാള്‍ കുറയുന്നത്.

രണ്ടുമാസം മുമ്പ് വിമാനഇന്ധനവില ലിറ്ററിന് 55 രൂപയായിരുന്നപ്പോള്‍ പെട്രോള്‍വില 63 രൂപയിലെത്തിയിരുന്നു.