ഈ ആഴ്ചയുടെ തുടക്കം മുതല്‍ ലോകം മുഴുവന്‍ കണ്ണു നട്ടിരിക്കുന്നത് അത്യന്തം അത്ഭുതകരവും കൗതുകകരവുമായ ഒരു പുസ്തകത്തിലേക്കാണ്. ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അസാധാരണമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനാലാണ് ഈ പുസ്തകം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്.

1500 വര്‍ഷം പഴക്കമുള്ള ഈ പുസ്തകം 12 വര്‍ഷം മുമ്പ് തുര്‍ക്കിയിലാണ് കണ്ടെടുത്തത്. യേശു ക്രിസ്തു സംസാരിച്ചിരുന്ന അരമായ ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. സൈപ്രസില്‍ ജനിച്ച സെന്റ് ബെര്‍നബാസ് ആണ് പുസ്തകം എഴുതിയതെന്നാണ് പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Subscribe Us:

പുസ്തകം പറയുന്നതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യമായി വിലയിരുത്തപ്പെടുന്നത്, പ്രവാചകന്‍ മുഹമ്മദിന്റെ വരവിനെക്കുറിച്ച് യേശു പറഞ്ഞിരുന്നതായി ഈ പുസ്തകത്തില്‍ പറയുന്നുവെന്നതാണ്. മിശിഹാ എന്നതിനു പകരം ‘ഇഷ്‌മേലെറ്റ്’ എന്ന അറബി വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ ഉണ്ടെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരങ്ങള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ വത്തിക്കാന്‍ ചെയ്തിട്ടില്ല. എന്നാല്‍, പുസ്തകം പരിശോധനക്ക് തരാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകം കാണാന്‍ ആഗ്രഹമുണ്ടെന്ന് പോപ്പും അറിയിച്ചിട്ടുണ്ട്.

മൃഗത്തോലിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ലെതര്‍ കൊണ്ടാണ് പുസ്തകം സംരക്ഷിച്ചിരിക്കുന്നത്. പുസ്തകം ദിവസങ്ങള്‍ക്കകം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നൂറുകോടി രൂപ വിലമതിക്കുന്ന പുസ്തകമാണിത്. 2010 വരെ രഹസ്യമായി സൂക്ഷിച്ച പുസ്തകം ഇപ്പോള്‍ അങ്കാറ എത്തനോഗ്രഹി മ്യൂസിയത്തിനു കൈമാറിയിരിക്കുകയാണ്.

ക്രിസ്തുവിന്റെ ഇസ്ലാമിക പരിവേഷം ഇഷ്ടപ്പെടാതിരുന്ന ക്രിസ്ത്യന്‍ ചര്‍ച്ച് പുസ്തകം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നെന്നും സുവിശേഷത്തിന്റെ ആധികാരികമായ തെളിവാണിതെന്നും തുര്‍ക്കി കള്‍ച്ചറല്‍ മന്ത്രി എര്‍ടുഗ്രൂല്‍ ഗുനെ പറഞ്ഞു. പുസ്തകം പതിനാറാം നൂറ്റാണ്ടിലേതാണെന്നും വ്യാജമാണെന്നും ഒരുകൂട്ടര്‍ വാദിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധന നടത്തുക മാത്രമാണ് പുസ്തകത്തിന്റെ പഴക്കം മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമെന്ന നിലപാടിലാണ് മറ്റൊരു കൂട്ടര്‍.

Malayalam news

Kerala news in English