Administrator
Administrator
ജീസസ്, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നുവല്ലോ
Administrator
Thursday 9th February 2012 8:12pm

എസ്സേയ്‌സ് / എം. ഷാജര്‍ഖാന്‍

ഒരു പഴമൊഴി പറയാം. ‘ഏഴര ശനി കടം കൊള്ളുക’. ഗ്രഹപ്പിഴ ചോദിച്ചു വാങ്ങുന്നവരെക്കുറിച്ചാണ് ഈ പഴമൊഴി. സ്വയം അനര്‍ത്ഥം വരുത്തിവയ്ക്കുന്ന ഏര്‍പ്പാട് പണ്ടു മുതലേയുള്ളതാണ്. ചിലര്‍ക്കത് അങ്ങനെയാണ് എന്തു ചെയ്താലും ദോഷമായേ വരൂ. എത്ര സദുദ്ദേശ്യഭരിതമായിട്ടാണ് പറയുന്നതെങ്കിലും വിപരീതഫലം അനുഭവിക്കുക എന്ന സ്ഥിതിയിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. എത്ര വീരോചിതമാണ് അവര്‍ സംസ്ഥാന സമ്മേളന തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്. പക്ഷേ, പെട്ടെന്ന് കണ്ടകശ്ശനി പിടികൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

‘നേരു പറഞ്ഞ കൈമളിതാ നെല്ലില്‍ കിടക്കുന്നു’വെന്ന പഴമൊഴിപോലെയായി യേശുവിനെ ചിത്രീകരിച്ച പാര്‍ട്ടി നേതാക്കള്‍. ജീസസ് ചരിത്രപുരുഷനാണ്. യഹൂദരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുവാനുള്ള സമരത്തിന് നേതൃത്വം നല്‍കിയ മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവാണദ്ദേഹം. എന്നാല്‍, റോമാ ഭരണകൂടം യേശുവിനെ കുരിശിലേറ്റി. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പില്‍ തെറ്റൊന്നുമില്ല. ഒരു ചരിത്രപുരുഷനെ അവതരിപ്പിക്കുവാനുള്ള അവകാശം പാര്‍ട്ടിക്കുണ്ട്. പറഞ്ഞത് നേരാണ്. പക്ഷേ, ‘കൈമളിതാ നെല്ലില്‍ കിടക്കുന്നു’. നേര്‍ വിപരീതമായ ഫലമുളവാക്കിയിരിക്കുന്നു ചിത്രപ്രദര്‍ശനമെന്നര്‍ത്ഥം.

ദൈവപുത്രനെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായി അവതരിപ്പിച്ചത് തെറ്റെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. തുടര്‍നു, മുന്ഴുവന്‍ സഭാവിഭാഗങ്ങളും സി.പി.എമ്മിനെതിരെ തിരിയുന്നതാണ് കാണുന്നത്. സഭയ്ക്ക് യേശുവിനെ ദൈവപുത്രനായി കാണാനുള്ള അവകാശത്തെപ്പോലെ, സി.പി.ഐ.എമ്മിന് ചരിത്രപുരുഷനായി അവതരിപ്പിക്കാനുള്ള അവകാശവും അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. പക്ഷേ, പ്രശ്‌നമതല്ല.

ഏതുകാര്യത്തിനും എപ്പോള്‍, എന്തിന്, എങ്ങനെയെന്ന ചോദ്യമുണ്ടല്ലോ. കാലം തെറ്റി ചെയ്താല്‍ ഏതുകാര്യത്തിനും നാശമുണ്ടാകും. ‘കാലവിളംബം മൂലവിനാശ’മെന്നാണല്ലോ പ്രമാണം. കാലം മോശമായിരുന്നു. ക്രിസ്തുമതം കമ്മ്യൂണിസമാണെന്നും ക്രിസ്തുമതത്തിന്റെ നേതാവായ യേശു സി.പി.ഐ.എം. നേതാവായ പ്രകാശ് കാരാട്ടിനെപ്പോലെയാണെന്നും സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ പറഞ്ഞതു മറക്കുന്നതിന് മുമ്പാണ് ഈ പ്രദര്‍ശന വിവാദം കത്തിപ്പിടിച്ചത്.

അടിതെറ്റിയത് അവിടെയാണ്. ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റായി അവതരിപ്പിച്ചത് ചരിത്രമറിയാത്തതു കൊണ്ടാവാന്‍ ഇടയില്ല. അടിമകളുടെ വിമോചകന്‍ എന്ന സ്ഥാനം യേശുവിന് യോജിക്കും. അര്‍ഹമായ സ്ഥാനം തന്നെയാണത്. പക്ഷേ, അദ്ദേഹം കമ്മ്യൂണിസ്റ്റായിരുന്നുവെന്ന വിതണ്ഡവാദം ജയരാജന്‍ നിരത്തിയത് മറ്റെന്തോ കണ്ടിട്ടാണ്. അതിനെയാണ് ‘സാത്താന്‍ മരുഭൂമിയില്‍ വച്ച് യേശുവിനെ പരീക്ഷിച്ചതു’പോലെയാണ് സി.പി.ഐ.എം. നടപടിയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചത്.

സഭയ്ക്ക് യേശുവിനെ ദൈവപുത്രനായി കാണാനുള്ള അവകാശത്തെപ്പോലെ, സി.പി.ഐ.എമ്മിന് ചരിത്രപുരുഷനായി അവതരിപ്പിക്കാനുള്ള അവകാശവും അംഗീകരിച്ചു കൊടുക്കുക തന്നെ വേണം

എന്തായാലും കാര്യം പറയുമ്പോള്‍ കാലുഷ്യം തോന്നുകയെന്ന സ്ഥിതി തുടരെ തുടരെ വരുന്നത് കഷ്ടം തന്നെ. കാരണം, ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുന്നതുകൊണ്ടു തന്നെ. വീണ്ടും പഴമൊഴി പറയാന്‍ തോന്നുന്നു: ‘വ്യാഖ്യാബുദ്ധി ബലാപേക്ഷ’ യെന്ന് കവിവാക്യം. പഠിപ്പും സാമര്‍ത്ഥ്യവുമുള്ളവര്‍ക്ക് ഏതൊന്നിനെയും അവരവര്‍ക്ക് ആവശ്യമായ രീതിയില്‍ വ്യാഖ്യാനിക്കാമെന്നാണതിനര്‍ത്ഥം. ജയരാജന്‍ ചെയ്തതും ഈ സാമര്‍ത്ഥ്യ പ്രയോഗം തന്നെയാണല്ലോ. കടത്തിപ്പറഞ്ഞാല്‍ ക്രിസ്ത്യാനികളുടെ പിന്തുണ നേടാമെന്ന വിചാരത്തിലാണോ സഖാവേ അങ്ങനെ പറഞ്ഞത്?

പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടിട്ടാണ് അങ്ങനെയൊരു വ്യാഖ്യാനം നടത്താന്‍ മുതിര്‍ന്നതെങ്കില്‍ ഹാ, കഷ്ടം എന്നേ പറയേണ്ടു. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോകുമെന്ന സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങള്‍. ക്രിസ്തുവിനെ ‘കമ്മ്യൂണിസ്റ്റായി’ ചിത്രീകരിച്ച് വോട്ടുനേടാന്‍ ശ്രമിച്ചവര്‍ തന്നെ ‘അവസാനത്തെ അത്താഴ’ത്തില്‍ ജീസസ്സിനെ ഒബാമയാക്കിയവതരിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചതിലൂടെ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയായിരുന്നു.

ക്രിസ്തു പോരാളിയെന്ന് പറഞ്ഞ പിണറായിക്ക് അതിനെ ന്യായീകരിക്കാന്‍ വാക്കുകളില്ലാതായി. മര്‍ദ്ദനത്തിനും അനീതിക്കുമെതിരെ ക്രിസ്തുമതവുമായിച്ചേര്‍ന്ന് പോരാടുമെന്ന പിണറായിയുടെ മൊഴി കൂടുതല്‍ വൈരുധ്യം സൃഷ്ടിക്കുകയും ചെയ്തു. ഇന്നത്തെ ക്രിസ്തുമതവുമായിച്ചേര്‍ന്ന് അനീതിക്കെതിരെ പൊരുതുമെന്നാണല്ലോ പിണറായി പറയുന്നത്. എന്നുവച്ചാല്‍ അര്‍ത്ഥമെന്താണ്? ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും മുഖമായി മാറിക്കഴിഞ്ഞ ആധുനിക ക്രിസ്തുമതവുമായിച്ചേര്‍ന്ന് ആര്‍ക്കെതിരെയാണ് പോരാടാന്‍ പോകുന്നത്, സഖാവേ?

വരാന്‍ പോകുന്ന പിറവം തെരഞ്ഞെടുപ്പിലാണ് ആ പോരാട്ടമെങ്കില്‍ സമ്മതിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ തത്ത്വദീക്ഷയില്ലാത്ത ഒരു നിലപാട് എന്നതിനപ്പുറം ആരുമതിനെ വ്യാഖ്യാനിക്കില്ല. ഇ.എം.എസ്സിന്റെ കാലം മുതലേ ആ പരിപാടി തുടര്‍ന്നുവരുന്നതുമാണല്ലോ. ‘കുമാരനാശാന്‍ പട്ടും വളയും വാങ്ങിയതിനെക്കുറിച്ച്’ ഒരു തെരഞ്ഞെടുപ്പ് കാലത്തു ഇ.എം.എസ് പറഞ്ഞത് വ്യക്തമായ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. തനി അവസരവാദമാണത്.

എന്നാല്‍, ഇവിടെ സംഭവിച്ചത് എം.വി. ജയരാജന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രദര്‍ശനസ്റ്റാളില്‍ തുടര്‍ച്ചയില്ലാതെ ‘ഫിറ്റ്’ചെയ്ത ഒരു ഐറ്റമായിരുന്നു യേശു. അതും ‘യേശുമുതല്‍ ചെഗുവേര’ വരെ എന്ന ശീര്‍ഷകത്തിനുള്ളില്‍. അതില്‍, എന്തെങ്കിലും പ്രത്യയശാസ്ത്രാഭിമുഖ്യമോ ചരിത്രവിശകലനമോ ഒന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്.

ഇന്ന് ഉപയോഗിച്ചാല്‍ നേട്ടം കിട്ടുമെന്ന് തോന്നിയ ചില രൂപങ്ങള്‍ – ചരിത്ര വ്യക്തിത്വങ്ങളും മതപുരോഹിതരും മദര്‍ തെരേസയുംവരെയുള്ളവരെ – വരച്ചു വെക്കുകയായിരുന്നു അവര്‍. കാഴ്ചക്കാര്‍ക്ക് എതിര്‍പ്പു തോന്നുന്ന വിധത്തിലാണ് അവതരണവും വിശദീകരണവും. തങ്ങള്‍ മതത്തിന് എതിരല്ലായെന്ന പ്രസ്താവനയും കൂടിയാകുമ്പോള്‍ വൈരുദ്ധ്യത്തിന്റെ മലവെള്ളപ്പാച്ചിലാണ് തുറന്നുവിടുന്നത്.

ലിയാനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിംഗില്‍ മാറ്റം വരുത്തിയത് കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്ന് ഒരുവശത്തു പറയുന്നു. എന്നാല്‍ തങ്ങള്‍, ആ തെറ്റ് കണ്ടതിനെത്തുടര്‍ന്ന് ചിത്രം മാറ്റാന്‍ നിര്‍ദ്ദേശം കൊടുത്തുവെന്ന് മറുവശത്തും വാദിക്കുന്നു. അങ്ങനെ തൊട്ടതെല്ലാം പിഴയ്ക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ആഖ്യാനവും വ്യാഖ്യാനവും ഒരേ പോലെ ആപത്തായി മാറുന്ന സ്ഥിതി.

‘കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ കിട്ടും’ എന്ന പഴമൊഴിയും ഇവിടെ വേണമെങ്കില്‍ ഉദ്ധരിക്കാം. അതിനെക്കാള്‍ ഉചിതമായ പഴമൊഴി ‘മല പിളര്‍ന്ന് എലിയെ പിടിക്കുക’ എന്നതാണെന്ന് തോന്നുന്നു. അതായത് വളരെ പ്രയാസപ്പെട്ട് നിസ്സാരമായ ഫലം നേടിയെടുക്കുക. അതും വിപരീത ഫലം.

ഇതിന്റെ രാഷ്ട്രീയമാനത്തിലേക്കു വരുമ്പോള്‍, അധികാരത്തിലേക്കുള്ള ഗോവണിയായി ക്രിസ്തുവിന്റെ ചിത്രത്തെ കാണുമ്പോഴാണ് ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ നേതാക്കള്‍ക്ക് കഴിയണം. ആത്മാര്‍ഥവും സത്യസന്ധവുമായ രീതികളിലും ചരിത്രപരമായ ധാരണകളിലും നിന്നുകൊണ്ടേ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപ്പെടാറുള്ളൂ.

സങ്കുചിത പാര്‍ലമെന്ററി താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി നടത്തുന്ന അഭ്യാസങ്ങളില്‍ ചരിത്രപുരുഷന്‍മാരും ഇരകളായി പോകുന്നുവെന്നതാണ് ഇതിലെ മറയ്ക്കാനാവാത്ത വസ്തുത. മറുവശത്ത് പുരോഹിതന്മാര്‍ ഇതില്‍ എടുത്ത നിലപാടിലും വൈരുധ്യമുണ്ട്. സി.പി.ഐ.എമ്മിനും പിണറായിക്കും സല്‍ബുദ്ധി തോന്നി വിശ്വാസത്തിന്റെ പാതയിലെത്തിയെന്നാണ് ഒരു ബിഷപ്പ് ആദ്യം പറഞ്ഞത്. അതും ഒരുതരം രാഷ്ട്രീയക്കളി തന്നെ. എന്തായാലും ജീസസ്, ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്കറിയാം എന്നതിനാല്‍ ഇവരെ വെറുതെ വിടണമോയെന്ന കാര്യം താങ്കള്‍ തന്നെതീരുമാനിക്കുക .

ക്രിസ്തുവില്‍ നിന്നും മാര്‍ക്‌സിലേക്കൊരു കടല്‍ ദൂരം…

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇരുട്ടില്‍ തപ്പുന്നത്….

Advertisement