കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കെതിരെ കൊല്ലപ്പെട്ട ജലസ്റ്റിന്റെ മകന്‍ ടെറിക്.

തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ കര്‍ദ്ദിനാള്‍ മനസ്സിലാക്കിയില്ലെന്നും കുറ്റവാളികള്‍ക്ക് അനുകൂലമായി കര്‍ദ്ദിനാള്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും ടെറിക് പറഞ്ഞു.

ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തിന്‍മേല്‍ ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നലെ പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രി കെ.വി തോമസ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കര്‍ദ്ദിനാളിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. കര്‍ദ്ദിനാളിന്റെ പ്രസ്താവന ശരിയാണെങ്കില്‍ അത് അപലപനീയമാണ്. കര്‍ദ്ദിനാള്‍ സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുത്. പ്രതിപക്ഷം മുതലെടുപ്പ് നടത്തിയെന്ന് കര്‍ദ്ദിനാളോട് ആരു പറഞ്ഞെന്നും വി.എസ് ചോദിച്ചു. കര്‍ദ്ദിനാളിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബി.ജെ.പി വ്യക്തമാക്കി.

Malayalam News

Kerala News In English