എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നായകന്മാരെല്ലാം സൂപ്പര്‍ഹീറോകളാണ് : ജീവ
എഡിറ്റര്‍
Wednesday 5th September 2012 12:39pm


ഫേസ് ടു ഫേസ്/ജീവ
മൊഴിമാറ്റം/ജിന്‍സി ബാലകൃഷണന്‍


കോളിവുഡില്‍ പതിയെയാണ് ജീവ തുടങ്ങിയത്. റാം, കട്രതു തമിഴ് തുടങ്ങിയ ചിത്രങ്ങളിലൂടെ തുടങ്ങി. പിന്നീട് ഡിഷ്യൂം, കോ തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് കടന്നുവന്നു. ഇപ്പോള്‍ മുഖംമൂടിയിലൂടെ കോളിവുഡിലെ തിരക്കേറിയ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ഈ നടന്‍.

Ads By Google

കോ, നന്‍പന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മുഖംമൂടിയും സൂപ്പര്‍ഹിറ്റാകുമെന്ന കാര്യത്തില്‍ സംശയമില്ല. മുഖംമൂടിയില്‍ സൂപ്പര്‍ഹീറോ സമാനമായ കഥാപാത്രമാണ് ജീവ ചെയ്തത്. മുഖംമൂടി അനുഭവങ്ങളെക്കുറിച്ച് ജീവ സംസാരിക്കുന്നു…

കുട്ടിക്കാലത്ത് സൂപ്പര്‍ഹീറോ കോമിക്‌സുകളുടെ ഫാനായിരുന്നോ?

സത്യത്തില്‍ ഞാന്‍ സൂപ്പര്‍ഹീറോകളുടെ ഫാനായിരുന്നില്ല. റാമ്പോ, കമന്‍ഡോ ഫാനായിരുന്നു. സൂപ്പര്‍ഹീറോ ചിത്രങ്ങളും ഇഷ്ടമായിരുന്നു. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, സ്‌പൈഡര്‍മാന്‍ ചിത്രങ്ങള്‍ കാണാനിഷ്ടമായിരുന്നു. പക്ഷെ ഹാസ്യചിത്രങ്ങളോട് വലിയ താത്പര്യമില്ലായിരുന്നു.

പിന്നെയെന്താണ് മുഖംമൂടിയിലേക്ക് നിങ്ങളെ ആകര്‍ഷിച്ചത്?

ഒരു നടന്നെന്ന നിലയില്‍ എന്നെ എല്ലാ പുതിയ ആശയങ്ങളും ആകര്‍ഷിക്കാറുണ്ട്. കൂടാതെ മിഷ്‌കിന്‍ പുതിയ രീതിയിലാണ് വിഷയങ്ങളെ കൈകാര്യം ചെയ്യാറുള്ളത്.

അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അന്‍ജാതെയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് തോന്നി പോലീസ് വേഷം ചെയ്യാനുള്ള പക്വതയൊന്നും എനിക്കായിട്ടില്ലെന്ന്. എന്നാല്‍ ചിത്രം കണ്ടപ്പോള്‍ എന്റെ ദൈവമേ ആ വേഷം ഏറ്റെടുത്താല്‍ മതിയായിരുന്നെന്ന് തോന്നി.

അതായത് കഥാപാത്രമല്ല, സംവിധായകനാണ് ആ റോള്‍ സ്വീകരിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് എന്നല്ലേ?

സംവിധായകനാണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. കൂടാതെ കുറച്ചുകാലം മുമ്പ് തന്നെ മിഷ്‌കിന്‍ ഈ ആശയം ഞാനുമായി പങ്കുവെച്ചിരുന്നു.

ആ ചിത്രം ചെയ്യാന്‍ അദ്ദേഹം അവലംബിച്ച രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. തിരക്കഥ വളരെ രസകരമാണ്. മുഖംമൂടി നമ്മളിലെല്ലാവരിലുമുണ്ട്, പൊതുജനങ്ങളില്‍ ഒരാളാണ്. നിങ്ങള്‍ ഇതുവരെ കണ്ട സൂപ്പര്‍ഹീറോ ചിത്രങ്ങളെപ്പോലെയല്ല ഇത്.

സത്യത്തില്‍ ഇയാള്‍ സൂപ്പര്‍ഹീറോ അല്ല. അവന് യാതൊരു സൂപ്പര്‍ ശക്തിയുമില്ല. അവന്‍ അവന്റെ മാനസിക ശാരീരിക ശക്തികളാണ് ഉപയോഗിക്കുന്നത്.

നമ്മളില്‍ പലര്‍ക്കും നല്ല ആശയങ്ങളുണ്ടാവാം. എന്നാല്‍ അതൊന്നും നടപ്പിലാക്കാറില്ല. എന്നാല്‍ ഈ മനുഷ്യന്‍ നടപ്പിലാക്കുന്നതിനാലാണ് വിശ്വസിക്കുന്നത്. നമ്മുടെ തമിഴ് നായകന്മാരെല്ലാം സൂപ്പര്‍ഹീറോകളാണെന്ന് എനിക്ക് പറയാന്‍ കഴിയും.

ഹിന്ദി ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ ടൈഗര്‍ ഒരു സൂപ്പര്‍ഹീറോയാണ്……

തീര്‍ച്ചയായും. ടൈഗറിന് മുന്നില്‍ മുഖംമൂടി ഒന്നുമല്ല (ചിരിക്കുന്നു)

ഈ കാലത്ത് ഹിന്ദി സിനിമകളിലും ഞങ്ങളെപ്പോലുള്ള നായകന്മാര്‍ വേണം. രണ്ടാഴ്ച മുമ്പ് ബിജോയ് നമ്പ്യാരുടെ ഡേവിഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ മുംബൈയിലുണ്ടായിരുന്നു. അവിടെയുള്ള എല്ലാവരും എന്നോട് പറഞ്ഞു, തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ചതാണെന്ന്.

മുഖംമൂടിയില്‍ നിങ്ങള്‍ക്ക് ഹോംങ്കോങ്ങില്‍ നിന്നുള്ള ഫൈറ്റ്മാസ്റ്ററല്ലേ.. ?

അതെ, ടോണി ലീങ്. ഒരു ആക്ഷന്‍ കൊറിയോഗ്രാഫിയിലെ ഇതിഹാസതാരം. ബ്രൂസ് ലിക്കൊപ്പം അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. ടോണി മാസ്റ്റര്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്.

ആയോധന കലയില്‍ പരിശീലനം നേടാന്‍ മിഷ്‌കിന്‍ നിങ്ങളോട് ആവശ്യപ്പെട്ടതായി കേട്ടിട്ടുണ്ട്. നിങ്ങള്‍ വര്‍ഷങ്ങളായി പരിശീലനം നേടുന്നുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ഞെട്ടിയെന്നാണ് കേട്ടത്..?

അധിക വര്‍ഷമൊന്നുമില്ല. നാല് വര്‍ഷം കുങ്ഫു പരിശീലനം നേടിയിട്ടുണ്ട്. 1998 മുതല്‍ 2002 വരെ. ശേഖര്‍ എന്ന മാസ്റ്ററുടെ കീഴിലായിരുന്നു പരിശീലനം.

സിനിമയിലെത്തിയശേഷം പഠനം അവസാനിപ്പിച്ചു. സിനിമയിലെ ഫൈറ്റിന് കുങ്ഫു പഠിച്ചിട്ട്‌ യാതൊരു കാര്യമില്ലെന്നാണ് എനിക്ക് മനസിലായത്.

താത്പര്യമില്ലാതെയാണോ നിങ്ങള്‍ കുങ്ഫു പഠിച്ചത്?

(ചിരിക്കുന്നു) അല്ല. കൗമാരപ്രായത്തില്‍ എനിക്ക് ക്രിക്കറ്റ് കളിക്കാനായിരുന്നു ഇഷ്ടം. ബാക്കി സമയം ഞാന്‍ ഉറങ്ങും. അത് എന്റെ അച്ഛന് ഒട്ടും ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് രാവിലെ ആറ് മണിക്ക് അദ്ദേഹം  എന്നെ ജോഗിങ്ങിന് കൊണ്ടുപോകും. അത് വളരെ ബോറായിരുന്നു.

ഒരു ദിവസം കുറച്ച് കുട്ടികള്‍ ആയോധന കല പഠിക്കുന്നത് ഞാന്‍ കണ്ടു. എനിക്കും പഠിക്കണമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. ജോഗിങ് ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്.

രാവിലെ തന്നെ അച്ഛന്‍ എന്നെ കൊണ്ടുപോയി കുങ് ഫു ക്ലാസില്‍ ചേര്‍ത്തു. എനിക്കന്ന് 16 വയസോ മറ്റോ ആയിരുന്നു. ഇപ്പോള്‍ അത് നല്ലതായെന്ന് എനിക്ക് തോന്നുന്നു. കാരണം ഈ ചിത്രം ചെയ്യാന്‍ അതെന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

ആദ്യം കുങ്ഫു പഠിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. കാലുകള്‍ മടക്കി വയ്ക്കുമ്പോള്‍ വേദന അനുഭവപ്പെട്ടിരുന്നു. എന്റെ ശരീരം അതിന് വഴങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങി. എന്റെ ശരീരത്തിന്റെ ആകൃതി തന്നെ മാറി. ഞാന്‍ നില്‍ക്കുന്ന രീതിയും നടക്കുന്ന രീതിയുമെല്ലാം മാറി. എന്റെ മെലിഞ്ഞ ശരീരത്തില്‍ മസിലുകള്‍ വളര്‍ന്നു.

ഇതെനിക്ക് വലിയ പ്രചോദനമായി. പിന്നീട് ഞാന്‍ തന്നെ എഴുന്നേറ്റ് ക്ലാസില്‍ പോകാന്‍ തുടങ്ങി. കുറച്ച് കാലം കൊണ്ടുതന്നെ നല്ല വിദ്യാര്‍ത്ഥിയായി. ജിംനാസ്റ്റിക്‌സ് പഠിക്കാനും  ആരംഭിച്ചു.

എന്തുകൊണ്ടാണ് ജിംനാസ്റ്റിക് തിരഞ്ഞെടുത്തത്?

എന്റെ ജിംനാസ്റ്റിക് മാസ്റ്റര്‍ അലിയുടെ ഉറ്റ സുഹൃത്താണ് കുങ്ഫു മാസ്റ്റര്‍ ശേഖര്‍. എന്നെ ജിംനാസ്റ്റിക് പഠിപ്പിക്കാന്‍ ശേഖര്‍മാസ്റ്ററാണ് അദ്ദേഹത്തോട് പറഞ്ഞത്. ജിംനാസ്റ്റിക്കും അതിനുശേഷം കുങ് ഫുയിലൂടെയുമാണ് എന്റെ ഓരോ ദിനവും കടന്നുപോയത്. ആരോഗ്യമുള്ള ആളുകളെ നമ്മള്‍ കാണുമ്പോള്‍ അത് നമ്മളെ സ്വാധീനിക്കും. അതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement