ജിദ്ദ: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സമ്പന്നമാക്കാന്‍ പ്രയത്‌നിക്കുന്ന പ്രവാസികളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന വി.എസ് സര്‍ക്കാറിന്റെ നടപടികളോട് ബാലറ്റിലൂടെ പ്രതികരിക്കാന്‍ ജിദ്ദയില്‍ ചേര്‍ന്ന യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളുടെ യോഗം അഭ്യര്‍ഥിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും ഗള്‍ഫിലെത്തിയപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ ഒരിക്കല്‍ പോലും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

അഭ്യസ്ഥ വിദ്യരായ കേരളീയ യുവത തൊഴില്‍ തേടിയലയുമ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തി സര്‍ക്കാര്‍ ജോലിയുടെ അന്തസ്സ് കളയുകയാണ് വി.എസ് സര്‍ക്കാര്‍ ചെയ്തത്. ആരോഗ്യ മേഖലയും പൊതരമരാമത്ത് മേഖലയും താറുമാറായിക്കിടക്കുകയാണ്. വ്യവസായമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച മുഖ്യമന്ത്രി സഹമന്ത്രിമാരെ പോഴന്‍മാരെന്നാണ് നിശേഷിപ്പിച്ചത്. ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും പത്ത് വോട്ടര്‍മാരെ എന്ന വീതം പ്രവാസികളുമായി ബന്ധപ്പെട്ട് ടെലിഫോണ്‍ സന്ദേശ കാംപെയിന്‍ നടത്താനും തീരുമാനമായി.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പി.ടി മുഹമ്മദ് ചെയര്‍മാനും കെ.എം.ശരീഫ് കുഞ്ഞ് ജനറല്‍ കണ്‍വീനറും പാഴേരി കുഞ്ഞിമുഹമ്മദ്, അഹമ്മദ് പാളയാട്ട്, പി.എം.എ ജലീല്‍, അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, അബ്ദുറഹ്മാന്‍ കാവുങ്ങല്‍, ഷറഫുദ്ദീന്‍ കായംകുളം, കെ.ടി.എ മുനീര്‍, ജോഷി വര്‍ഗീസ്, രാജശേഖരന്‍ എന്നവര്‍ അംഗങ്ങളുമായി സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കി.

റഷീദ് കൊളത്തറ, അബ്ബാസ് ചെമ്പന്‍, കെ.വിഎ ഗഫൂര്‍, സി.കെ.എ റസാഖ് മാസ്റ്റര്‍, വി.പി മുസ്തഫ, നിസാം മമ്പാട്, കാവുങ്ങല്‍ മുഹമ്മദ്, സാക്കിര്‍ ഹുസൈന്‍ എടവണ്ണ, സി.കെ അബ്ദുറഹ്മാന്‍, അബ്ദുല്ല പാലേരി, പി കുഞ്ഞിമുഹമ്മദ്, ഹസന്‍ ബത്തേരി, സി.കെ ഷാക്കിര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.