റിയാദ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ബഹുമതിയുള്ള ബുര്‍ജ് ഖലീഫയുടെ സ്ഥാനം കൈയടക്കിക്കൊണ്ട് ജിദ്ദയില്‍ കിങ്ഡം ടവര്‍ വരുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടം നിര്‍മ്മിക്കാന്‍ സൗദി ബിന്‍ലാദന്‍ ഗ്രൂപ്പുമായി 4.6 ബില്യണ്‍ റിയാലിന്റെ കരാറില്‍ ഒപ്പുവെച്ചതായി സൗദി ബില്യണയര്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

കിങ്ഡം സിറ്റിയുടെ നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടമായിട്ടാണ് 1000 മീറ്ററിലധികം ഉയരമുള്ള കെട്ടിടനിര്‍മ്മാണത്തിന് രാജ്യം ഒരുങ്ങുന്നത്. ജിദ്ദയുടെ വടക്കുഭാഗത്തുള്ള റെഡ്‌സീ സിറ്റിയിലാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റ്‌സ്, ഓഫീസുകള്‍ മുതലായവയാണ് 5.4 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റുവരുന്ന കെട്ടിടത്തിലുള്ളതെന്ന് കിങ്ഡം ഹോള്‍ഡിങ് കമ്പനി വ്യക്തമാക്കി. നിലവില്‍ ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്ന ബഹുമതിയുള്ള ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അല്‍വലീദ് വ്യക്തമാക്കി.

2010 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബുര്‍ജ് ഖലീഫയുടെ ഉയരം 828മീറ്ററായിരുന്നു. 160 നിലകളുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടവും അതോടൊപ്പംതന്നെ ഉയരംകൂടിയ ഫ്രീസ്റ്റാന്‍ഡിങ് സ്ട്രക്ചര്‍ കൂടിയാണ്. 2013 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനിരിക്കുന്ന വണ്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉയരം 541 ആണ്.

ദൂബൈ നഖീല്‍  ഡെവലപര്‍ 1 കിലോമീറ്ററിലധികം ഉയരംവരുന്ന കെട്ടിടനിര്‍മ്മാണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ 2009 ലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.