ലാലു
സൗദി: സൗദിയിലെ ജിദ്ദയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അഗ്നിബാധയില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് പാലോളിപ്പരമ്പ് കല്ലുപാലന്‍ ഫൈറൂസ് (24), കല്ലുപാലന്‍ ഫൈസല്‍ ഖാന്‍ (25) എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു മലയാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫൈസലിന്റെ പിതാവ് അബ്ദുല്‍ അസീസ്, പെരിന്തല്‍മണ്ണ കാപ്പില്‍ സ്വദേശി സുധീര്‍ എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. താമസ സ്ഥലത്ത് ഇവര്‍ ഉറങ്ങുമ്പോഴാണ് അഗ്നിബാധയുണ്ടായത്.

സിറ്റി സെന്റര്‍ എന്നറിയപ്പെടുന്ന ബലദിലെ താമസ സ്ഥലത്ത് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. ബലദിലെ സൗദി മോണിറ്ററി ഏജന്‍സി കെട്ടിടത്തിനു സമീപമുള്ള അഗ്നിശമനസേനാ ആസ്ഥാനത്തിന് പുറകിലായുള്ള കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരതുന്നു. മുറിക്കുള്ളില്‍ ടെലിവിഷനു സമീപത്തുനിന്നും തീ പടര്‍ന്നപ്പോള്‍ എഴുന്നേറ്റ ഇവര്‍ സഹായത്തിനായി അലറിക്കരഞ്ഞെങ്കിലും രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

അഗ്‌നിശമന സേന വാതില്‍ പൊളിച്ച് ഉള്ളിലെത്തിയപ്പോഴേക്കും ഫൈറൂസ് മരിച്ചിരുന്നു. ഹിന്ദാവിയ അല്‍ വതന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഫൈസല്‍ ഖാന്‍ രാവിലെ ഒമ്പത് മണിയോടെ മരിച്ചു.

അതിനിടെ സൗദിയുടെ മധ്യപ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. റിയാദില്‍നിന്ന് 600 കിലോമീറ്ററകലെ ഖമീസ് മുശൈത്ത് റോഡിലെ സുലൈയിലില്‍ കാറുമറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം പാണ്ടിക്കാട് വള്ളിക്കാപ്പറമ്പില്‍ സൈതാലി എന്ന കുഞ്ഞാപ്പയുടെ മകന്‍ സക്കീര്‍ (37), സൈതാലിയുടെ സഹോദരന്‍ വള്ളിക്കാപ്പറമ്പില്‍ കുഞ്ഞാലിയുടെ മകന്‍ റിയാസ് ബാബു (31), സിറിയന്‍ പൗരന്‍ ഹസന്‍ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മറ്റൊരു സിറിയന്‍ പൗരന്‍ മുഹന്നതിനെ സുലൈയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് ആസ്ഥാനമായ അല്‍ റയാത്ത് കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയില്‍ ജീവനക്കാരായ നാലുപേരും ജോലിയാവശ്യാര്‍ഥം ഖമീസ് മുശൈത്തില്‍ പോയിമടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി ഒമ്പതിനോടടുത്ത സമയത്ത് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.