എഡിറ്റര്‍
എഡിറ്റര്‍
എല്ലാത്തിലും ഹൃദയത്തില്‍ തൊട്ടൊരു മാപ്പ്; വിദ്യാര്‍ഥികളെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച അധ്യാപകരുടെ നടപടി വിവാദത്തില്‍
എഡിറ്റര്‍
Thursday 23rd February 2017 4:36pm

കോഴിക്കോട്: അധ്യാപക സമൂഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥികളുടെ നടപടിയില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകര്‍ക്ക് ക്ഷമാപണക്കത്ത് എഴുതിച്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അധികൃതരുടെ നടപടി വിവാദമാകുന്നു.

കോളേജിലെ മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ഥികളെക്കൊണ്ടാണ് ക്ഷമാപണക്കത്ത് എഴുതിച്ചത്. ”ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്, ഇത് ഞങ്ങളുടെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ എഴുതുന്ന ക്ഷമാപണക്കത്താണ്. അധ്യാപകനിന്ദയും അധ്യാപകസമൂഹത്തിനെതിരെ വിദ്യാര്‍ഥികളുടെ അനാവശ്യപ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്ത് എഴുതുവാന്‍ ഞങ്ങള്‍ തയ്യാറാകുന്നത്. ഞാന്‍ ഞാനായതിന് പിന്നിലെ നിങ്ങളുടെ പരിശ്രമങ്ങളേയും പ്രയാസങ്ങളേയും വിസ്മരിക്കുന്നു. അറിവിന് അപ്പുറം ജീവിതത്തിന്റെ അതിരുകളേയും അകലങ്ങളേയും പറഞ്ഞുതന്നതിന് ഒരായിരം നന്ദി.

വിദ്യാലയങ്ങളില്‍ അധ്യാപകര്‍ നല്‍കുന്ന ശിക്ഷണവും മേല്‍നോട്ടവും വിദ്യാര്‍ഥികളുടെ അടിച്ചമര്‍ത്തലല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എല്ലാറ്റിനും ഹൃദയത്തില്‍ തൊട്ടൊരു മാപ്പ്.” ഇതായിരുന്നു പ്രിന്റ് ചെയ്ത ക്ഷമാപണക്കത്തിലെ വാചകങ്ങള്‍.

ഇതില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കാമ്പസിനകത്തെ മുഴുവന്‍ അധ്യാപകര്‍ക്കുമായാണ് വിദ്യാര്‍ഥികളെക്കൊണ്ട് മാനേജ്‌മെന്റ് ക്ഷമാപണക്കത്ത് എഴുതിച്ചത്. കോളജിലെ പ്രധാന അധ്യാപകനായ കെ.ആര്‍ രാജീവന് പ്രതീകാത്മകമായി കത്ത് നല്‍കിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

വിദ്യാലയങ്ങളില്‍ അധ്യാപക വിദ്യാര്‍ഥി സൗഹൃദയങ്ങള്‍ നിലനിര്‍ത്താനാണ് ഇത്തരം പരിപാടികള്‍ എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായും മാനേജ്‌മെന്റ് തന്നെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇതേ മാനേജ്‌മെന്റിന്റെ വിദ്യാലയത്തില്‍ നിന്നും അടുത്തിടെയായിരുന്നു രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളിലുണ്ടായ സംഘര്‍ഷത്തെ ചോദ്യം ചെയ്യുന്നതിനിടെ നാല് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. സമാനസംഭവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നിട്ടും മാനേജ്‌മെന്റ് അധ്യാപകര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

അതേസമയം അധ്യാപകരുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിപ്പിച്ച മാനേജ്‌മെന്റിന്റെ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെ അധ്യാപക പീഡനത്തിനെതിരെ വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് എല്ലാകുറ്റത്തിലും വിദ്യാര്‍ത്ഥികളെ പ്രതികളാക്കിക്കൊണ്ട് വിദ്യാര്‍ത്ഥികളെ കൊണ്ട് തന്നെ ക്ഷമാപണ കത്ത് എഴുതിച്ച് ജെ.ഡി.ടി കോളേജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്.

Advertisement