എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറില്‍ ജെ.സി.ബിയ്ക്ക് നിരോധനം; ഒഴിപ്പിക്കാനും കയ്യേറ്റത്തിനും ഇനി ജെ.സി.ബി പാടില്ല
എഡിറ്റര്‍
Friday 21st April 2017 8:39pm

തിരുവനന്തപുരം: മൂന്നാറില്‍ ജെ.സി.ബികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഇതോടെ കയ്യേറ്റമൊഴിപ്പിക്കാനുള്‍പ്പെടെ ജെ.സി.ബി ഉപയോഗിക്കാനാകില്ല. കയ്യേറ്റങ്ങള്‍ നടത്താന്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാലും ജെ.സി.ബി ഉപയോഗം പരിസ്ഥിതിയ്ക്ക് ആഘാതമുണ്ടാക്കുമെന്നതിനാലുമാണ് നിരോധനം എന്നാണ് വിശദീകാരണം.

മുഖ്യമന്ത്രി പങ്കെടുത്ത മൂന്നാര്‍ ഉന്നതതല യോഗത്തിന് ശേഷമാണ് ജെ.സി.ബി നിരോധനം നിലവില്‍ വന്നത്. റവന്യൂ വകുപ്പും പൊലീസും തമ്മില്‍ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലില്‍ ധാരണ ഉണ്ടാവണം. ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

കയ്യേറ്റമൊഴിപ്പിക്കുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും. കുടിയേറ്റക്കാരെ സംരക്ഷിച്ചുകൊണ്ട് കയ്യേറ്റത്തിനെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

 


Also Read: ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ല; സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം


കഴിഞ്ഞ ദിവസം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശ് ജെ.സി.ബി ഉപയോഗിച്ചായിരുന്നു പൊളിച്ച് നീക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ ഇന്നലെ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ പല ക്രിസ്തീയ സഭാ അധ്യക്ഷന്‍മാരും അനധികൃതമായി നിര്‍മ്മിച്ച കുരിശ് പൊളിച്ച നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം സി.പി.ഐ.എമ്മിന്റേതുള്‍പ്പെടെയുള്ള വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനാണ് കുരിശ് പൊളിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് കയ്യേറ്റം ഒഴിപ്പിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഒഴിപ്പിക്കല്‍. സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നിരുന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ കൊണ്ടിട്ട വാഹനങ്ങള്‍ ജെ.സി.ബി കൊണ്ട് മാറ്റിയാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നേരത്തേ സി.പി.ഐ.എം രംഗത്ത് വന്നിരുന്നു.

 

Advertisement