തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി കോശി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാനാകും. മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സമിതിയാണ് ജെ.ബി കോശിയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. ഈ മാസം 16ന് ഇപ്പോഴത്തെ അധ്യക്ഷന്‍ ജസ്റ്റീസ് എന്‍. ദിനകറിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സമിതി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷനേതാവ് എന്നിവരടങ്ങിയ സമിതിയാണ് ജെ.ബി കോശിയെ അധ്യക്ഷസ്ഥാനത്തേയ്ക്കു ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറാണ് ചെയര്‍മാനെ നിയമിക്കുന്നത്.

കേരളാ ഹൈക്കോടതിയില്‍ പത്തുവര്‍ഷത്തോളം ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകാന്‍ ഏതെങ്കിലും ഹൈക്കോടതിയില്‍ ഒരു വര്‍ഷമെങ്കിലും ചീഫ് ജസ്റ്റീസായി പ്രവര്‍ത്തിക്കണമെന്ന് നിബന്ധനയുണ്ട്. സാങ്കേതികമായ നിബന്ധനകളൊക്കെ പാലിച്ചാണ് ജെ.ബി കോശിയെ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ജെ.ബി കോശിയുടെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ സാങ്കേതികപരമായ ഈ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ശിപാര്‍ശ ചെയ്ത വിവരം അറിഞ്ഞ ജെ.ബി കോശി, തന്നെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് പ്രതികരിച്ചു.