അഡ്‌ലെയ്ഡ്: സി.ബി. സീരീസിന്റെ രണ്ടാം ഫൈനലില്‍ അമ്പയറിനോട് തര്‍ക്കിച്ച ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനെയ്ക്കു മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ 44 ാം ഓവറിലാണു ജയവര്‍ധനെ അമ്പയറുമായി തര്‍ക്കിച്ചത്. ലങ്കയുടെ ഫര്‍വേസ് മഹറൂഫ് ബാറ്റ്‌സ്മാനായിരുന്ന മൈക്കിള്‍ ക്ലാര്‍ക്കിനെതിരേ ഫുള്‍ടോസ് എറിഞ്ഞിരുന്നു.

എന്നാല്‍ അത് ഒരു സ്വാഭാവിക പന്തായി എല്ലാവരും കണ്ടു. അരയ്ക്കു മുകളിലായി വന്ന പന്തിനെ ക്ലാര്‍ക്ക് അതിര്‍ത്തി കടത്തുകയും ചെയ്തു. മഹറൂഫ് അടുത്ത പന്തെറിയാന്‍ തയാറെടുക്കുന്നതിനിടെയാണ് അമ്പയര്‍മാര്‍ നോബോള്‍ വിധിച്ചത്.

തുടര്‍ന്നാണു ജയവര്‍ധനെ അമ്പയര്‍മാരായ ആസാദ് റൗഫ്, ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് എന്നിവരുമായി തര്‍ക്കിച്ചത്. അടുത്ത പന്ത് എറിയാന്‍ ബൗളര്‍ തയ്യാറാകുമ്പോഴാണ് അമ്പയറിന്റെ നോബോള്‍ തീരുമാനം വരുന്നത്. ഇതേ തുടര്‍ന്നാണ് ജയവര്‍ധനെ അമ്പയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്്. എന്നാല്‍ നോബോള്‍ വിളിച്ചതിനെയല്ല താന്‍ ചോദ്യം ചെയ്തത്, മറിച്ച് നോബോള്‍ വിളിക്കാന്‍ താമസം നേരിട്ടതിനെയാണെന്നു ജയവര്‍ധനെ പിന്നീടു വ്യക്തമാക്കിയിരുന്നു. അമ്പയര്‍ നോബോള്‍ വിളിക്കില്ലെന്ന ധാരണയുണ്ടാക്കിയ ശേഷമാണ് തീരുമാനം മാറ്റിയതെന്നും ജയവര്‍ധനെ പറഞ്ഞു.

ജയവര്‍ധനെ കുറ്റം സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തതായി മാച്ച് റഫറി ക്രിസ് ബ്രോഡ് പറഞ്ഞു. നായകന്റെ ഭാഗത്തുനിന്നുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിത്. പക്ഷേ ജയവര്‍ധനെയെപ്പോലുള്ള പരിചയ സമ്പന്നനും നിലവാരവുമുള്ള താരം മര്യാദ പാലിക്കണമായിരുന്നുവെന്നും ബ്രോഡ് പറഞ്ഞു.

എന്നാല്‍ 2011 ലോകകപ്പിന് ശേഷം ശ്രീലങ്കന്‍ ടീമിന് മാച്ച് ഫീ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരി മാസം പണം നല്‍കാമെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്.

Malayalam news

Kerala news in English