ഇതുവരെ എങ്ങനെയൊക്കെയോ ജീവിച്ചു. ഇനിയങ്ങനെയായാല്‍ പോര എന്നാണ് നടന്‍ ജയസൂര്യ തീരുമാനിച്ചിരിക്കുന്നത്. സിനിമയിലെത്തിയിട്ട് കുറച്ചുകാലമായി. കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. ചിലത് ശ്രദ്ധിക്കപ്പെട്ടു. ചിലത് എട്ടു നിലയില്‍ പൊട്ടി. ഇപ്പോഴാണെങ്കില്‍ കുടുംബവും പ്രാരാബ്ദവുമൊക്കെയായി. ഇനി ചെറുതായി മാറ്റങ്ങള്‍ വരുത്തിയാലേ ജീവിച്ചുപോകാന്‍ പറ്റൂ എന്ന് താരം തിരിച്ചറിഞ്ഞിരിക്കുകയാണ്.

ആര്‍ട്ട് ഫിലിംമുകളില്‍ അഭിനയിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കൂടെവന്ന നടന്‍മാരൊക്കെ നല്ല നിലയിലെത്തിയിട്ടും ജയസൂര്യ ഇങ്ങനെ ചോക്ലേറ്റ് പയ്യനായി നടക്കേണ്ടിവന്നതില്‍ നടന് വലിയ ദുഃഖമുണ്ടെന്നാണ് സിനിമാലോകത്തെ വര്‍ത്തമാനം. അതുകൊണ്ട് ഒരാവാര്‍ഡെങ്കിലും നേടിയിട്ട് ഞെളിഞ്ഞ് നടക്കാമെന്ന മോഹവുമായാണ് ഇപ്പോള്‍ ആര്‍ട്ട് ഫിലിമിന് പിന്നാലെ പോകുന്നതെന്നാണ് ചിലര്‍ പറയുന്നത്.

പ്രമുഖ സംവിധായകന്‍ ടി.വി ചന്ദ്രന്റെ ‘ശങ്കരനും മോഹനും’ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. തന്റെ ആദ്യത്തെ കൊമേഴ്‌സ്യല്‍ ചിത്രം എന്നാണ് ടി.വി ചന്ദ്രന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

തകരച്ചെണ്ട സംവിധാനം ചെയ്ത അവിര രബേകയുടെ പുതിയ ചിത്രമായ പിഗ്മാനില്‍ അഭിനയിക്കാന്‍ ജയസൂര്യ സമ്മതം മൂളിയിട്ടുണ്ട്. അവാര്‍ഡിനു പിന്നാലെയുള്ള ഓട്ടത്തിന്റെ തുടക്കമാണിതെന്നാണ് സിനിമാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പി.പ്രഭാകരന്റേതാണ് തിരക്കഥ. ടി.എസ് ശ്രീരാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനത്തോടെ തുടങ്ങും.