കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒത്തുകളിവിവാദം അവസാനിക്കുന്നില്ല. ലങ്കന്‍ ക്രിക്കറ്റില്‍ ഒത്തുകളി വാര്‍ത്തകള്‍ക്ക് തുടക്കമിട്ട ഹഷന്‍ തിലരത്‌നെയാണ് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ഒരുകാലത്ത് ലങ്കന്‍ ക്രിക്കറ്റിന്റെ നെടുന്തൂണുകളായിരുന്ന അരവിന്ദ ഡിസില്‍വയും സനത് ജയസൂര്യയും ഒത്തുകളിയില്‍ പങ്കാളികളായിരുന്നു എന്നാണ് തിലകരത്‌നെ ആരോപിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ പ്രസിഡന്റ് തിലംഗ സുമതിപാലയും അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഒത്തുകളിക്കുന്നതിന് കൂട്ടുനിന്നുവെന്നും തിലകരത്‌നെ വെളിപ്പെടുത്തി.

അതിനിടെ തിലകരത്‌നെ ലങ്കന്‍ പ്രസിഡന്റ് മഹേന്ദ രാജപക്‌സെയെ സന്ദര്‍ശിച്ചുവെന്നും ഒത്തുകളിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം വെളിപ്പെടുത്തിയെന്നും ലങ്കന്യൂസ് വെബ് റിപ്പോര്‍ട്ടുചെയ്യുന്നു.