എഡിറ്റര്‍
എഡിറ്റര്‍
വിനായകന്റെ കഴിവ് ഇപ്പോഴാണ് അറിയേണ്ടവര്‍ അറിഞ്ഞതെന്ന് ജയസൂര്യ; താരത്തെ പൊന്നാടയണിയിച്ച് ‘ഹണി ബീ 2’ ടീം
എഡിറ്റര്‍
Thursday 16th March 2017 3:12pm

 

കൊച്ചി: വിനായകന്റെ കഴിവ് അറിയേണ്ടവര്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് ചലച്ചിത്ര താരം ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ പൊന്നാടയണിയിച്ച് ആദരിച്ച ചടങ്ങിലാണ് ജയസൂര്യ വിനായകനെ തിരിച്ചറിയാന്‍ വൈകിയെന്ന പരാമര്‍ശം നടത്തിയത്.


Also read ദേശീയ അവാര്‍ഡിനായി വിനായകന്‍; ജൂറിക്ക് മുന്നില്‍ മലയാളത്തില്‍ നിന്ന് പത്ത് സിനിമകള്‍


കൊച്ചി ഗോകുലം പാര്‍ക്കില്‍ നടന്ന ഹണി ബീ ടൂവിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെയാണ് വിനായകനെ ചലച്ചിത്ര ലോകം ആദരിച്ചത്. കയ്യടികളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെയായിരുന്നു വിനായകനെ സദസ് വേദിയിലേക്ക് ആനയിച്ചത്.

ഹണീ ബി ടൂവിന്റെ നിര്‍മ്മാതാവും ചിത്രത്തിന്റെ നായകന്‍ ലാല്‍ ജൂനിയറിന്റെ പിതാവും ചലച്ചിത്ര താരവുമായ ലാല്‍ വിനായകനെ ആലിംഗനം ചെയ്താണ് വേദിയിലേക്ക് സ്വീകരിച്ചത്. അവാര്‍ഡ് നേട്ടത്തിനു ശേഷം ചലച്ചിത്ര ലോകത്ത് നിന്ന് ആദ്യമായി കിട്ടിയ അനുമോദനത്തില്‍ ജയസൂര്യ താരത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

വിനായകനെ പൊന്നാടയണിയിക്കണം എന്ന് ലാലേട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയെന്ന് ജയസൂര്യ പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ് വിനായകനുമായുള്ളത്. സംസ്ഥാന അവാര്‍ഡിന് മുമ്പ് തന്നെ വിനായകനെ മികച്ച നടനായി ആദ്യമായി ആദരിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
സംവിധായകരായ സിബി മലയില്‍, വൈശാഖ് എന്നിവരും ചലച്ചിത്ര താരങ്ങളായ ശ്രീനിവാസന്‍, ലെന, ആസിഫ് അലി, ബാബുരാജ്, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍, ശ്രീനാഥ് ഭാസി സംഗീത സംവിധായകന്‍ ദീപക് ദേവ്, തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

Advertisement