എഡിറ്റര്‍
എഡിറ്റര്‍
ടെക്‌നിക്കുകളാണ് ഓരോ ബാറ്റ്‌സ്മാനേയും നിലനിര്‍ത്തുന്നത്: സനത് ജയസൂര്യയുടെ വാക്കുകളിലൂടെ
എഡിറ്റര്‍
Friday 3rd August 2012 9:35pm

ശ്രീലങ്കന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞിട്ടും ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുമാറാത്ത താരമായിരുന്നു മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടായിരുന്നു ജയസൂര്യ തന്റെ രണ്ടാം വരവിന് തിരിതെളിയിച്ചത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഇന്നിങ്‌സിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഓഗസ്റ്റ് പതിനൊന്നിന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് ജയസൂര്യ തന്റെ വരവറിയിക്കുന്നത്. ക്രിക്കറ്റിന് പുറമേ രാഷ്ട്രീയത്തിലും ജയസൂര്യ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മന്ദരയില്‍ നിന്നുള്ള പാര്‍ലമെന്റ അംഗം കൂടിയാണ് ജയസൂര്യ. ജയസൂര്യയുടെ ക്രിക്കറ്റ് വിശേഷങ്ങളിലൂടെ…

Ads By Google

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണല്ലോ, സന്തോഷവാനാണോ ?

തീര്‍ച്ചയായും. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നുണ്ട്. മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. ഇനിയും കാത്തിരിക്കാന്‍ വയ്യ. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ആ അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഒത്തിരിക്കാലം ക്രിക്കറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടി പല താരങ്ങളുമായി സഹകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അതിന് ഒരവസരം ഒത്തുവന്നിരിക്കുകയാണ്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് ഒരുതരത്തില്‍ പറഞ്ഞാല്‍ ഐ.പി.എല്‍ പോലെ തന്നെയാണ്. നമുക്ക് അടുത്തറിയാത്ത മറ്റുരാജ്യങ്ങളിലെ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ കഴിയുകയും അവരുമായി ഡ്രസിങ് റൂമില്‍ സമയം ചിലവിടാന്‍ കഴിയുകയെന്നതും നല്ല അനുഭവമായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അത്തരം അവസരങ്ങള്‍ ഒരുപാട് ലഭിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിനെപ്പോലുള്ള ഒരു ഇവന്റില്‍ പങ്കെടുക്കാന്‍ മാത്രം കഴിവുള്ള താരങ്ങളാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ഉള്ളതെന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. ഞങ്ങളുടെ ടീമില്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. ഞങ്ങളുടേത് ചെറിയ ഒരു രാജ്യമാണ്. എന്നാല്‍ നിരവധി താരങ്ങളെ അണിയിച്ചൊരുക്കിയാണ് ഞങ്ങള്‍ ക്രിക്കറ്റ് എന്ന മത്സരത്തെ കൂടുതല്‍ ജനകീയമാക്കുന്നത്. സ്‌കൂളുകളിലും ക്ലബ്ബ് ക്രിക്കറ്റിലും പ്രാദേശിക ക്രിക്കറ്റിലും എല്ലാം ഞങ്ങള്‍ ശക്തരാണ്. ക്രിക്കറ്റിന് അടിത്തറ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഞങ്ങളുടേത്.

എന്റെ കരിയറില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ എന്റെ കോച്ചും പിന്നെ മാനേജ്‌മെന്റും തന്നെയാണ്.

താങ്കളുടെ ജീവിതത്തിലെ വിജയരഹസ്യം എന്താണെന്നാണ് തോന്നിയിട്ടുള്ളത് ?

എന്റെ കരിയറില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ എന്റെ കോച്ചും പിന്നെ മാനേജ്‌മെന്റും തന്നെയാണ്. അവര്‍ക്ക് ഞാന്‍ എന്താണെന്നും എനിയ്ക്ക് ക്രിക്കറ്റില്‍ എന്തൊക്കെ അറിയാമെന്നതിനെ കുറിച്ചും ധാരണയുണ്ട്. അവര്‍ എന്റെമേല്‍ ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. എന്നെ സ്വതന്ത്രമായാണ് വിട്ടിട്ടുള്ളത്. അവര്‍ എന്നോട് പറഞ്ഞത്, നീ നിനക്ക് തോന്നുന്ന രീതിയില്‍ കളിക്കുക, മറ്റൊരാള്‍ക്കും വേണ്ടി നീ നിന്റെ ശൈലിയില്‍ മാറ്റം വരുത്തരുത്. നിനക്ക് നന്നായി കളിക്കാനായാല്‍ പിന്നീട് നിന്റെ എല്ലാ പ്രകടനങ്ങളും ടീമിന് വേണ്ടിയായിരിക്കണം. അപ്പോഴാണ് ടീമിന് വേണ്ടി നന്നായി കളിക്കണമെന്ന തോന്നല്‍ എനിയ്ക്ക് ഉണ്ടായത്. അങ്ങനെ ഞാന്‍ നന്നായി കളിക്കാന്‍ തുടങ്ങി, റണ്‍സ് നേടാന്‍ തുടങ്ങി, അവര്‍ക്ക് എന്നിലുള്ള പ്രതീക്ഷയും വിശ്വാസവും വര്‍ധിച്ചു. ദീര്‍ഘനാള്‍ ആ ടീമിനൊപ്പം കഴിയാന്‍ എനിയ്ക്കായി. എന്നാല്‍ അവര്‍ എന്നില്‍ സമര്‍പ്പിച്ച വിശ്വാസം എന്നില്‍ അമിത ആത്മവിശ്വാസമോ അഹങ്കാരമോ നിറച്ചിരുന്നില്ല. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും മോശപ്പെട്ട  പ്രകടനങ്ങളില്‍ വിഷമിച്ചിരിക്കേണ്ടവരല്ല ക്രിക്കറ്റ് താരങ്ങളെന്ന പാഠവും എന്നെ പഠിപ്പിച്ചത് ശ്രീലങ്കന്‍ ടീമായിരുന്നു.

ഓപ്പണിങ് ഇന്നിംഗ്‌സുകളില്‍ തകര്‍ത്തുകളിക്കുന്ന താങ്കള്‍ പിന്നീട് അതില്‍ നിന്നും വ്യതിചലിച്ചതായി തോന്നിയിട്ടുണ്ട്. കളികളുടെ ആദ്യ ഇന്നിംഗ്‌സുകളിലെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകാന്‍ പലപ്പോഴും താങ്കള്‍ക്കായിരുന്നില്ല, എന്തുകൊണ്ടായിരുന്നു അത് ?

അത് ഒരുപക്ഷേ എന്റെ മൈന്‍ഡ് സെറ്റ് അങ്ങനെ ആയതുകൊണ്ടാവാം. കുറച്ചുനാള്‍ മുന്‍പ് എന്നിലുള്ള പ്രതീക്ഷ അത്രയ്ക്ക് വലുതായിരുന്നില്ല, ഞാന്‍ മനസ്സിലാക്കിയിടത്തോളം അവസരങ്ങള്‍ വരുമ്പോള്‍ മാത്രം കളിച്ചാല്‍ മതിയെന്ന തോന്നലായിരുന്നു ആദ്യം. എന്നാല്‍ പലപ്പോഴും അത്തരം തോന്നലുകള്‍ എനിയ്ക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ചു. ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇറങ്ങിയത് എന്റെ ആവശ്യപ്രകാരമായിരുന്നു. അന്നെല്ലാം എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു എനിയ്ക്ക് മികച്ച രീതിയില്‍ കളിക്കാനാവുമെന്ന്. എന്നാല്‍ പ്രകടനം മോശമായാല്‍ പിന്നെ ടീമില്‍ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, അപ്പോള്‍ നമ്മള്‍ ക്രിക്കറ്റിനെ തന്നെ ഉപേക്ഷിക്കാതെ പുറത്തിരുന്ന് കൊണ്ട് തന്നെ നമ്മുടെ കഴിവിനെ പരിപോഷിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ ചിന്തയും നിങ്ങളുടെ പ്രവര്‍ത്തിയും നല്ലതാണെങ്കില്‍ നിങ്ങള്‍ക്ക് എവിടേയും തോല്‍ക്കേണ്ടി വരില്ല. കരിയറില്‍ എനിയ്ക്ക് ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിച്ചിട്ടേയുള്ളു. എന്റെ ജീവിതം തന്നെ ക്രിക്കറ്റിന് വേണ്ടിയുള്ളതായിരുന്നു.

താങ്കളും ക്രിസ് ഗെയിലും വീരേന്ദര്‍ സെവാഗുമെല്ലാം ആക്രമിച്ച് കളിക്കുന്ന ശൈലി പുറത്തെടുത്ത ബാറ്റ്‌സ്മാന്‍മാര്‍ ആയിരുന്നു. എല്ലാവരും ട്രിപ്പില്‍ സെഞ്ച്വറികള്‍ തികച്ചിരുന്നു, ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?

എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും കൃത്യമായ ടെക്‌നിക്കുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ആ ടെക്‌നിക്കുകള്‍ പരീക്ഷിക്കുന്നത് പലരും പല തരത്തിലാവുമെന്ന് മാത്രം. നമുക്ക് സെഞ്ച്വറി നേടാന്‍ കഴിയുന്നത് നമ്മുടെ സ്വതസിദ്ധമായ കളിയായതുകൊണ്ടാണ്. എനിയ്ക്ക് എന്റെ പരിമിതികള്‍ അറിയാം. ഞാന്‍ എങ്ങനെയൊക്കെ കളിച്ചാല്‍ എനിയക്ക് റണ്‍സ് നേടാനാകുമെന്നുള്ള കൃത്യമായ ധാരണയും എനിയ്ക്കുണ്ട്. ചില ആളുകള്‍ എന്നോട് ചോദിക്കുമായിരുന്നു, എങ്ങനെയാണ് ഇത്ര പെട്ടെന്ന് ബൗണ്ടറികളും സിക്‌സുകളും അടിച്ച് പെട്ടെന്ന് തന്നെ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നതെന്ന്. അത് ഒരു ടെക്‌നിക് ആണ്. ഓരോ ബോളിനേയും എത്ര കോണ്‍സണ്‍ട്രേറ്റ് ചെയ്യുന്നോ അതിനനുസരിച്ചേ നമുക്ക് കളിക്കാന്‍ സാധിക്കുള്ളു. ഓരോ ബോള്‍ വരുമ്പോഴും അതിനെ എത്രവേഗത്തില്‍ കാണുന്നുവോ അത്ര വേഗത്തില്‍ നമുക്ക് അതിനോട് പ്രതികരിക്കാനാവും.

എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും കൃത്യമായ ടെക്‌നിക്കുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ആ ടെക്‌നിക്കുകള്‍ പരീക്ഷിക്കുന്നത് പലരും പല തരത്തിലാവുമെന്ന് മാത്രം.

നാല്‍പ്പത്തി മൂന്നാമത്തെ വയസ്സിലും ടീമിന് വേണ്ടി കളിക്കുന്നതിനുള്ള പ്രചോദനം എന്താണ് ?

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നെങ്കിലും ലോക്കല്‍ ക്ലബ്ബുകളിലും മറ്റുമായി ഞാന്‍ കളിച്ചിരുന്നു. അതുതന്നെയാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് വരാനുള്ള എന്റെ തീരുമാനവും. ഇത് ആദ്യത്തെ പ്രീമിയര്‍ ലീഗാണ്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇത് ഒരു വെല്ലുവിളിയാണ്. നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ടീമിന് വേണ്ടി കളിക്കും. എന്റെ ചെറുപ്പകാലത്ത് ഒരുദിവസം മുഴുവന്‍ ക്രിക്കറ്റ് കളിക്കാനായി ചെലവഴിക്കുമായിരുന്നു. ക്രിക്കറ്റ് എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. നന്നായി ബാറ്റ് ചെയ്യാനും നന്നായി ബൗള്‍ ചെയ്യാനും കഴിയുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനായി പരിശ്രമിക്കാനും ഞാന്‍ തയ്യാറായിരുന്നു. വളരെ പിന്നോക്കാവസ്ഥയില്‍ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നായിരുന്നു ഞാന്‍ ക്രിക്കറ്റ് ലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് ഞാന്‍ ക്രിക്കറ്റില്‍ വന്നതിനുശേഷമാണ് എന്റെ കുടുംബം ഉയര്‍ന്ന അവസ്ഥയില്‍ എത്തിയത്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ക്രിക്കറ്റ് മാത്രമാണ്.

എങ്ങനെയാണ് ക്രിക്കറ്റും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നത് ?

ക്രിക്കറ്റിന് വേണ്ടി ഞാന്‍ എന്റെ രാഷ്ട്രീയ ജീവിതത്തെ തള്ളിക്കളഞ്ഞിട്ടില്ല, രാഷ്ട്രീയത്തിന് വേണ്ടി ക്രിക്കറ്റിനേയും. എന്റെ നാട്ടിലുള്ള ആളുകളാണ് എന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് വേണമെങ്കില്‍ പറയാം. എന്റെ നാട്ടിലെ വികസനപ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. എന്നാല്‍ രാഷ്ട്രീയം എന്നുപറയുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. ആളുകള്‍ നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്. പ്രത്യേകിച്ച് എം.പിയാകുമ്പോള്‍. എന്നാല്‍ നമ്മെ സംബന്ധിച്ച് ഒരുപാട് പരമിതികളും ഉണ്ട്. എന്നാല്‍ ഞാന്‍ എല്ലായ്‌പ്പോഴും എന്റെ പരിമിതികളെ കുറച്ചും എനിയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും ആളുകളോട് തുറന്നു സംസാരിക്കാറുണ്ട്. എന്റെ നാട്ടിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനും നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുക്കുന്നതിനും ഇടയില്‍ തന്നെ ഞാന്‍ ക്രിക്കറ്റ് പ്രാക്ടീസും മുന്നോട്ടുകൊണ്ടുപോകും. ഞാന്‍ പ്രാകടീസ് സെഷനുകളില്‍ പങ്കെടുക്കാനും പാര്‍ലമെന്റ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാനുമുള്ള സമയം കണ്ടെത്താറുണ്ട്. തികച്ചും തിരക്കുള്ള ജീവിതമാണ്. എങ്കിലും ഞാന്‍ അതിനെ ആസ്വദിക്കുന്നു

മുത്തയ്യ മുരളീധരന്‍ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞത് ടീമിനെ സംബന്ധിച്ച് നഷ്ടമാണ്. മഹേള ജയവര്‍ധനയേയും കുമാര്‍ സംഗക്കാരയേയും ദില്‍ഷനേയും വെച്ച് ആ നഷ്ടം നികത്താന്‍ ടീമിന് സാധിക്കുമോ ?

ടീമിലെ കരുത്തരായ മൂന്ന് പേരാണ് ഇവര്‍. മുത്തയ്യ മുരളീധരന് പകരമായി ഇവരെ വെയ്ക്കാം എന്നല്ല പറയുന്നത്. പക്ഷേ ഒരാള്‍ പിരിഞ്ഞുപോകുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വന്നേ തീരു. എനിയ്ക്ക് ഓര്‍മ്മയുണ്ട്, അര്‍ജുന രണതുംഗ ടീമില്‍ നിന്ന് പോയപ്പോള്‍ എല്ലാവരും ചോദിച്ചു, നിങ്ങള്‍ എങ്ങനെ ആ നഷ്ടം നികത്തുമെന്ന്, അന്ന് ഒരാറുമാസക്കാലം ടീമിന് തോല്‍വി മാത്രമായിരുന്നു നേരിടേണ്ടി വന്നത്. എന്നാല്‍ പിന്നീട് പുതിയ താരങ്ങളെ ഇറക്കി അവരെ പരിശീലിപ്പിച്ച് ടീം വീണ്ടും കരുത്താര്‍ജ്ജിച്ചു. അതേപോലെ തന്നെ ഈ സന്ദര്‍ഭത്തേയും ടീം അഭിമുഖീകരിക്കും

 

Advertisement