എഡിറ്റര്‍
എഡിറ്റര്‍
1959 അല്ല 2017, അക്കാദമിയുടെ മുന്നില്‍ സമരം ചെയ്യുന്നവര്‍ നാണംകെട്ട് കൊടിയും ചുരുട്ടി പോകേണ്ടിവരും ; പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍
എഡിറ്റര്‍
Monday 6th February 2017 8:14pm

jayasankar
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍. 1959 അല്ല ഇപ്പോള്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് ഫെയ്‌സ്ബുക്കിലൂടെ ജയശങ്കര്‍ ആഞ്ഞടിച്ചിരിക്കുന്നത്. 1959 അല്ല 2017 എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പേരൂര്‍ക്കട അക്കാദമിയുടെ മുന്നില്‍ സമരം ചെയ്യുന്ന ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും അവര്‍ക്ക് വിടുപണി ചെയ്യുന്ന സി.പി.ഐക്കാരും അക്കാര്യം മറക്കരുതെന്ന് ജയശങ്കര്‍ പറയുന്നു.

1959 അല്ല 2017 അതുകൊണ്ട് അക്കാദമി വിഷയം ഉന്നയിച്ചു കൊണ്ട് വിമോചന സമരം നടത്തി കേന്ദ്രത്തെ ഇടപെടീച്ചു സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യിക്കാമെന്ന് ഒരുത്തനും വ്യാമോഹിക്കേണ്ടെന്നും ജയശങ്കര്‍ പറയുന്നു.
അക്കാദമിയുടെ മുന്നില്‍ സമരം ചെയ്യുന്നവര്‍ നാണംകെട്ട് കൊടിയും ചുരുട്ടി പോകേണ്ടിവരും. ചെങ്കൊടിയാണേ, കൊടി സുനിയാണേ സത്യം. എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഡ്വ.ജയശങ്കറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

1959 അല്ല 2017. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പേരൂര്‍ക്കട അക്കാദമിയുടെ മുന്‍പില്‍ സമരം ചെയ്യുന്ന ബി.ജെ.പി.ക്കാരും കോണ്‍ഗ്രസുകാരും അവര്‍ക്ക് വിടുപണി ചെയ്യുന്ന സി.പി.ഐ.ക്കാരും അക്കാര്യം മറക്കരുത്.
1959 ല്‍ നമുക്ക് പല പരാധീനതകളും ഉണ്ടായിരുന്നു. ഒന്നാമത് അന്ന് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉണ്ടായിരുന്നുള്ളു. അതിന്റെ ജനറല്‍ സെക്രട്ടറി വലിയ ലോകപരിചയമില്ലാത്ത അജയ് ഘോഷ് ആയിരുന്നു. ലോകസഭയിലെ പാര്‍ട്ടി നേതാവ് സഖാവ് എ.കെ.ഗോപാലനും സംസ്ഥാന മുഖ്യമന്ത്രി സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും ആയിരുന്നു. സോവിയറ്റ് യൂണിയന്റെ അനുവാദമില്ലാതെ ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ സാധ്യമായിരുന്നില്ല.

1959 ല്‍ വിരുദ്ധന്മാര്‍ക്ക് പല സൗകര്യങ്ങളും ഉണ്ടായിരുന്നു. വലിയ ജനാധിപത്യവാദിയായി അഭിനയിച്ചിരുന്ന പണ്ഡിറ്റ് നെഹ്റു ആയിരുന്നു പ്രധാനമന്ത്രി. ടിയാന് ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയും ഉണ്ടായിരുന്നു. ടാറ്റ ബിര്‍ള, ഡാല്‍മിയ സിങ്കാനിയ എന്നിങ്ങനെയുള്ള ദേശീയ ബൂര്‍ഷ്വാസികള്‍ ഒപ്പമുണ്ടായിരുന്നു.

1959 അല്ല 2017 . ഇപ്പോള്‍ സോവിയറ്റ് യൂണിയന്റെ ശല്യമില്ല. ജനകീയ ചൈന ഉണ്ടെങ്കിലും ഇല്ലാത്തപോലെയാണ്. അവര്‍ക്ക് അവരുടെ കാര്യം നമുക്ക് നമ്മുടെ കച്ചവടം. പാര്‍ട്ടി പണ്ടേ രണ്ടായി. പഠിപ്പും പത്രാസുമുള്ള യെച്ചൂരിയാണ് ജനറല്‍ സെക്രട്ടറി. ലോക്‌സഭയില്‍ എ.കെ.ജി. ഇരുന്നിടത്തു മരുമകന്‍ കരുണാകരനാണ് ഇരിക്കുന്നത്.


Also Read :ദൈവവും ഭക്തനും : ട്വീറ്ററില്‍ ഫോട്ടോയുടെ പേരില്‍ പരസ്പരം ട്രോളി സച്ചിനും സെവാഗും 


1959 അല്ല 2017. മുഖ്യമന്ത്രി സ്ഥാനത്തു നമ്പൂതിരിപ്പാടല്ല ഡബിള്‍ചങ്കന്‍ വിജയനാണ്. നിയമ മന്ത്രി വി.ആര്‍. കൃഷ്ണയ്യരല്ല എ.കെ.ബാലനാണ്; വിദ്യാഭ്യാസമന്ത്രി പ്രൊഫ.മുണ്ടശ്ശേരിയല്ല പ്രൊഫ.രവീന്ദ്രനാഥാണ്.

വീണ്ടും പറയട്ടെ, 1959 അല്ല 2017 . വിരുദ്ധന്മാരുടെ കട്ടയും പടവും മടങ്ങിക്കഴിഞ്ഞു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്ഥാനത്തു ചായക്കടക്കാരനാണ് പ്രധാനമന്ത്രി. ആര്‍.ശങ്കറല്ല വി.എം.സുധീരനാണ് കെ.പി.സി.സി.പ്രസിഡന്റ്. പി.ടി.ചാക്കോയുടെ സ്ഥാനത്തു രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്.

അതുകൊണ്ട് അക്കാദമി വിഷയം ഉന്നയിച്ചു വിമോചനസമരം നടത്തി കേന്ദ്രത്തെ ഇടപെടീച്ചു സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യിക്കാമെന്നും ഒരുത്തനും വ്യാമോഹിക്കണ്ട.

1957 ലെ മന്ത്രിസഭയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മന്ത്രിസഭ എന്ന് നമ്മള്‍ മേനി പറയുമെങ്കിലും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയും സര്‍ക്കാരും സന്നദ്ധമാണ്. സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയറിടാന്‍ ശ്രമിച്ചതുകൊണ്ടും ജന്മിമാരുടെ ഭൂമി പിടിച്ചെടുത്തു കര്‍ഷകര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചതുകൊണ്ടുമാണ് 1959 ല്‍ വിമോചനസമരം ഉണ്ടായത്. ഇപ്പോള്‍ സ്വാശ്രയ മുതലാളിമാരുടെ കച്ചവടം പൊലിപ്പിക്കാനും വന്‍കിട മുതലാളിമാരെ സഹായിക്കാന്‍ ഭൂനയം തിരുത്തി എഴുതുകയുമാണ് നമ്മുടെ സര്‍ക്കാര്‍. അതുകൊണ്ട് നമുക്ക് ബൂര്‍ഷ്വാസിയെ പേടിക്കേണ്ട കാര്യമില്ല. ബൂര്‍ഷ്വാസിക്ക് നമ്മളെക്കൊണ്ട് പലതും നേടിയെടുക്കാനുണ്ടുതാനും.

1959 അല്ല 2017. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ചു പ്രവര്‍ത്തിക്കുന്ന അലവലാതികളുടെ പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടി. സിമന്റ് കളര്‍ ഇന്നോവയാണ് സഖാക്കളുടെ പ്രിയ വാഹനം. പണ്ട് ഇ.എം.എസിന്റെ പാര്‍ട്ടി, എ.കെ.ജി.യുടെ പാര്‍ട്ടി എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ കോടിയേരിയുടെ പാര്‍ട്ടി, കൊടി സുനിയുടെ പാര്‍ട്ടി എന്നൊക്കെയാണ് പറയുന്നത്.


Also Read: ആ വാര്‍ത്ത തെറ്റ് ; മോഹന്‍ലാലിന്റെ തേവരയിലെ വീട് വില്‍ക്കുന്നില്ല, വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം ഇതാണ്


അതുകൊണ്ട് ഞാനാവര്‍ത്തിക്കുന്നു. ആദിത്യചന്ദ്രമാരും കേരള സംസ്ഥാനവും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്ളയിടത്തോളം കാലം പേരൂര്‍ക്കടയിലെ പതിനൊന്നര ഏക്കര്‍ സഖാവ് നാരായണന്‍ നായര്‍ക്കും സന്തതി പരമ്പരകള്‍ക്കും നിരാക്ഷേപമായി കൈവശം വെച്ച് അനുഭവിക്കാം അവിടെ ചായക്കടയോ ചാരായഷാപ്പോ സൗകര്യം പോലെ നടത്താം.

1959 അല്ല 2017 . അതുകൊണ്ട് അക്കാദമിയുടെ മുന്നില്‍ സമരം ചെയ്യുന്നവര്‍ നാണംകെട്ട് കൊടിയും ചുരുട്ടി പോകേണ്ടിവരും. ചെങ്കൊടിയാണേ, കൊടി സുനിയാണേ സത്യം.

Advertisement