തിരുവനന്തപുരം: ക്രിക്കറ്റ് സ്‌റ്റേഡിയമാണോ അതോ ആവാസവ്യവസ്ഥയ്ക്കു പരമപ്രധാനമായ കണ്ടല്‍ക്കാടിന്റെസംരക്ഷണമാണോ പ്രധാനമെന്നത് ജനങ്ങള്‍ വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കേണ്ട വിഷയമാണെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ് പറഞ്ഞു. കനകക്കുന്നില്‍ ദക്ഷിണേന്ത്യന്‍ വനം മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കണ്ടല്‍ക്കാടിന്റെ വിസ്തൃതി വളരെയധികം കുറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ എട്ടു ശതമാനം മാത്രമാണ് കണ്ടല്‍ക്കാട് ഉള്ളത്. ഓരോ സംസ്ഥാനത്തിനും അതിന്റേതായ വികസനസമ്മര്‍ദ്ദങ്ങളുണ്ടാവുമ്പോള്‍ അത് ബാധിക്കുന്ന പരിസ്ഥിതിയെയാണ്. ജലവൈദ്യുതപദ്ധതികളുടെ സമ്മര്‍ദ്ദമാണ് പശ്ചിമഘട്ടമേഖലയ്ക്കു വിനയെങ്കില്‍ ഖനി നിര്‍മ്മാണ സമ്മര്‍ദ്ദമാണ് പൂര്‍വ്വഘട്ട മേഖല നേരിടുന്നത്. രാജ്യത്തെ വനങ്ങളില്‍ 40 ശതമാനവും തുറന്ന ക്ഷയിച്ചു കൊണ്ടിരിക്കുന്നവയാണ്്. ഇവയെ യഥാര്‍ത്ഥ വനമായി മാറ്റിയെടുക്കണം

ഇന്ത്യയില്‍ ആളുകളെയും കന്നുകാലികളെയും വനസംരക്ഷണത്തിന്റെ പേരില്‍ പൂര്‍ണ്ണമായി മാറ്റിനിറുത്തുന്ന പരമ്പരാഗതസമീപനം വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ശരിയല്ല. ജനത്തെ കൂടി പങ്കാളികളാക്കിയുള്ള വനസംരക്ഷണമാണ് കാലഘട്ടത്തിന്റെ ആവശ്യം. വനാവകാശ നിയമം ഈ നിലയ്ക്കുള്ള ധീരമായ ചുവടുവയ്പാണ്.

വനസംരക്ഷണത്തെപ്പറ്റിയുള്ള വന നിയമത്തിലെ 68ാം വകുപ്പ് ലംഘിച്ചതിന്റെ പേരില്‍ ഉത്തരേന്ത്യയിലും മറ്റും നിരവധി ആദിവാസികള്‍ പീഡിപ്പിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ വനനിയമത്തിലെ 68ാം വകുപ്പില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇക്കാര്യം പരിഗണനയിലാണ്. രാജ്യത്തെ അഞ്ചുലക്ഷം വരുന്ന വനഭൂമിയുടെ ഗുണവും തോതും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഗ്രീന്‍ ഇന്ത്യ മിഷന്‍ ഈ മാസം 21ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.