തിരുവനന്തപുരം: തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിന്റെ ഗുഡ്‌വില്‍ അംബാസഡറായി നടന്‍ ജയറാം ചുമതലയേറ്റു. കാന്‍സര്‍ സെന്ററിലെ നിര്‍ധന രോഗികളെ സഹായിക്കാന്‍ സ്വന്തം നിലയില്‍ ആവിഷ്‌കരിച്ച ചികിത്സാഫണ്ടിനും ജയറാം തുടക്കം കുറിച്ചു.

Ads By Google

ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ ജയറാം നല്‍കി. സിനിമയില്‍ നിന്നും കലാപരിപാടികളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തുകയിലെ ഒരു ഭാഗം ജയറാം ഇതിനായി മാറ്റിവെയ്ക്കുമെന്നും പറഞ്ഞു. പ്രതിഫലത്തുകയുടെ ഒരു ഭാഗം ഇതിനായുള്ള പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച് രസീത് കാണിച്ചാല്‍ മാത്രമേ അഭിനയമായാലും സ്റ്റേജ് ഷോ ആയാലും താന്‍ ഇനി പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാരംഗത്തുള്‍പ്പെടെയുള്ളവര്‍ക്ക് തന്റെ ശ്രമം ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരേ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ സ്‌കൂളുകളിലും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈയെടുക്കും. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കൊപ്പം പരസ്യചിത്രത്തില്‍ പങ്കെടുക്കുമെന്നും ജയറാം അറിയിച്ചു.