തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍.ആര്‍.എല്‍.എം) കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെയെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ്. അതേസമയം എന്‍.ആര്‍.എല്‍. എം കേരളത്തില്‍ നടപ്പാക്കുന്നതിന് പ്രത്യേക സംസ്ഥാനതല മിഷന്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. ഈ ശിപാര്‍ശക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

എന്‍.ആര്‍.എല്‍.എമ്മിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹികസംഘടനകളും തമ്മിലുള്ള സംയോജനത്തെക്കുറിച്ചുള്ള ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയറാം രമേഷ്. കുടുംബശ്രീയെ നശിപ്പിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. കുടുംബശ്രീ ദേശീയ സമ്പത്താണെന്നും അതിനെ ദുര്‍ബലപ്പെടുത്തുന്നതൊന്നും ചെയ്യില്ലെന്നുമാണ് ഞായറാഴ്ച കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.

കേന്ദ്ര മന്ത്രി എ.കെ. ആന്റണിയും കുടുംബശ്രീയെ സംരക്ഷിക്കണമെന്നാണ് പറഞ്ഞത്. കെ.സി. ജോസഫുമായും സംസാരിച്ചിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല മിഷന്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ശിപാര്‍ശ ലഭിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാറിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചു.

ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒറീസ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംസ്ഥാന മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയ്ക്ക് എന്‍.ആര്‍.എല്‍.എം ഫണ്ട് നല്‍കുന്നുണ്ടെന്നതും ശരിയാണ്. എന്നാല്‍ കേരളത്തില്‍ കുടുംബശ്രീ 12 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ്. അതിനെ സംരക്ഷിച്ച് നിലനിര്‍ത്തും.

കേരളത്തില്‍ സംസ്ഥാനതല മിഷന്‍ രൂപവത്കരിച്ചാല്‍ അതിന് എന്‍.ആര്‍.എല്‍.എം ഫണ്ട് നല്‍കേണ്ടിവരും. എന്നാല്‍ കുടുംബശ്രീക്ക് പകരമായി ഒന്നുമില്ല. ഇനി അഥവാ മറ്റൊരു ഏജന്‍സി ഉണ്ടാവുകയാണെങ്കില്‍ അത് കുടുംബശ്രീക്കൊപ്പമായിരിക്കും. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളും. ഒന്നുകില്‍ ചിലര്‍ക്ക് സന്തോഷവും മറ്റ് ചിലര്‍ക്ക് വിഷമവും ഉണ്ടാകും. അല്ലെങ്കില്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല. കുടുംബശ്രീയെ കൂടുതല്‍ പ്രഫഷനലാക്കേണ്ടതുണ്ട്. ആദിവാസി, ദലിതര്‍, തീരദേശവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളണം.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സ്ത്രീ സ്വയം സഹായ സംഘങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി ജമ്മു കശ്മീരിന് പ്രത്യേക പദ്ധതി രൂപവത്കരിക്കും ജയറാം രമേഷ് പറഞ്ഞു. എന്‍.ആര്‍.എല്‍.എം നടപ്പാക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം മുഖ്യമന്ത്രിക്കോ, ഗ്രാമ വികസനമന്ത്രിക്കോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എം.കെ. മുനീറും പറഞ്ഞു.

കുടുംബശ്രീ തന്നെ നോഡല്‍ ഏജന്‍സിയായി നിലനില്‍ക്കും. കുടുംബശ്രീയില്‍പെടാത്ത ജനവിഭാഗങ്ങളെ കൂട്ടി കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍.ആര്‍.എല്‍.എമ്മിന്റെ ഭാഗമായി ബിഹാറില്‍ തൊഴില്‍ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ കണ്‍സള്‍ട്ടന്റായി കുടുംബശ്രീയെ നിയോഗിച്ചതിന്റെ ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവെച്ചു.

ബിഹാറിലെ ഗയ, മുസഫര്‍പൂര്‍ ജില്ലകളിലാവും അഞ്ച് വര്‍ഷം പൈലറ്റ് പ്രോജക്ട് നടപ്പാക്കുക. കുടുംബശ്രീ എക്‌സിക്യൂട്ടീവ് മിഷന്‍ ഡയറക്ടര്‍ കെ.ബി. വത്സല കുമാരിയും ബിഹാറിനു വേണ്ടി പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അരവിന്ദ്കുമാര്‍ ചൗധരിയുമാണ് എം.ഒ.യുവില്‍ ഒപ്പുവെച്ചത്. ജനശ്രീ എന്താണെന്ന് തനിക്കറിയില്ലെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ്.

എന്‍.ആര്‍.എല്‍.എം സംബന്ധിച്ച ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്ന് ജനശ്രീക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. എന്‍. ആര്‍.എല്‍.എമ്മിന്റെ നോഡല്‍ ഏജന്‍സിയായതിനാല്‍ ഈ വര്‍ഷം കേരളത്തിന് നല്‍കിയ 57 കോടിയും കുടുംബശ്രീക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.