ന്യൂദല്‍ഹി: നിര്‍ദ്ദിഷ്ട ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപ രേഖയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്. രൂപരേഖയില്‍ മാറ്റം വരുത്തിയാല്‍ പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മെയ് 31നകം അന്തിമ തീരുമാനമുണ്ടാകും. അടുത്ത മാസം മൂന്നിന് കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കൊച്ചി പാമ്പായിമൂലയിലെ നിര്‍ദിഷ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി വിവാദമായത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

സ്‌റ്റേഡിയത്തിനായി കണ്ടെത്തിയ ഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.