തരികിട ഭര്‍ത്താക്കന്മാരുടെ കഥപറഞ്ഞ് ഹിറ്റായ ഹാപ്പി ഹസ്ബന്റിന് രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തില്‍ നായകനായ ജയറാമിന് പകരം മോളിവുഡിലെ പുതിയ യൂത്ത് ഐക്കണായ ആസിഫ് അലിയാണ് ചിത്രത്തിലേക്കെത്തുന്നത്. അതിനാല്‍ ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് എന്നിവരാകും ഇനി വിരസമായ ദാമ്പത്യ ജീവിതത്തില്‍ നിന്ന് ബ്രേക്കെടുക്കാന്‍ എത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ തട്ടുപൊളിപ്പന്‍ കോമഡി ഹിറ്റായിരുന്ന ഹാപ്പി ഹസ്ബന്റിന് രണ്ടാംഭാഗമൊരുക്കുന്ന കാര്യം സംവിധായകന്‍ സജി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ഭാമ, ഭാവന, സംവൃത എന്നിവരായിരിക്കും സിനിമയിലെ നായികമാര്‍. ഹാപ്പി ഹസ്ബന്റ്‌സില്‍ ഭര്‍ത്താക്കന്മാരുടെ തരികിടകള്‍ക്ക് വേദിയായത് മലേഷ്യയായിരുന്നെങ്കില്‍ പേരു സൂചിപ്പിക്കും പോലെ രണ്ടാം ഭാഗത്തില്‍ ഗോവയാണ് പ്രധാന ലൊക്കേഷന്‍.

ജയസൂര്യയെ നായകനാക്കി കുഞ്ഞളിയന്‍ എന്നൊരു സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് കൃഷ്ണ പൂജപ്പുരയും (തിരക്കഥാകൃത്ത്) സജി സുരേന്ദ്രനും. പൊള്ളാച്ചിയില്‍ ചിത്രീകരിയ്ക്കുന്ന കുഞ്ഞളിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 2012 ജനുവരിയിലാകും ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങുക. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ യുടിവിയാണ് ഹസ്ഹന്‍ഡ്‌സ് ഇന്‍ ഗോവയ്ക്ക് വേണ്ടി പണംമുടക്കുന്നത്.

ആദ്യഭാഗം പോലെ തീര്‍ത്തും രസകരമായൊരു അന്തരീഷത്തിലാണ് ഹസ്ബന്‍ഡ് ഇന്‍ ഗോവയും ഒരുങ്ങുന്നത്. തീര്‍ത്തും വിരസമായ ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്കെടുത്ത് ഗോവയിലേക്ക് പോകുന്ന നായകന്‍മാര്‍ യാത്രയ്ക്കിടെ ഇവര്‍ വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരാളെ പരിചയപ്പെടുന്നു. ബിജു മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഇതിനിടെ മൂന്ന് പേരുടെയും ഭാര്യമാര്‍ ഗോവയിലേക്കെത്തുന്നതോടെ ഹസ്ബന്റുമാരുടെ ഗോവന്‍ യാത്ര കൂടുതല്‍ കുഴപ്പത്തിലാകുന്നതാണ് കഥ.