Categories

ഷുക്കൂര്‍ വധം: പി. ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ഷൂക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ടി.വി. രാജേഷ് എം.എല്‍.എയക്ക് ഇന്നലെ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു.

Ads By Google

തളിപ്പറമ്പ് അരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 1നാണ് ജയരാജനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 118 വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ പോലീസ് കേസെടുത്തത്. കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍. കൊലപാതകം സംബന്ധിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്ന കുറ്റമാണ് ജയരാജന് മേല്‍ ചുമത്തിയത്.

ജയരാജനെ ഈ മാസം 27 വരെയാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ജയരാജനെ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 157 അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. രണ്ട് സി.ഐ.മാരുടെ ക്വാര്‍ട്ടേഴ്‌സും ആലക്കോട് സി.ഐ.യും ആക്രമിക്കപ്പെട്ടു. കേരളത്തിലാകമാനം നൂറുകണക്കിന് അക്രമങ്ങളാണുണ്ടായത്. ഇത് പരിഗണിച്ചാണ് ജയരാജന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ തവണ തള്ളിയത്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശാരീരിക അവശതകള്‍ നേരിടുന്ന ആളാണ് പ്രതിയെന്നും ജയരാജന്റെ അഡ്വക്കേറ്റ് വാദിച്ചെങ്കിലും കോടതി അന്ന് പരിഗണനയ്‌ക്കെടുത്തിരുന്നില്ല.