കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയരാജനെ ഇന്ന് കേസ് പരിഗണിക്കുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Ads By Google

കഴിഞ്ഞ ഒന്നാം തീയതിയാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കായിരുന്നു അന്ന് റിമാന്‍ഡ് ചെയ്തിരുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ തിങ്കളാഴ്ച ഹരജി പരിഗണിച്ച ഹൈക്കോടതിയും അപേക്ഷ തള്ളുകയായിരുന്നു.

ജയരാജന്റെ ജാമ്യാപേക്ഷകള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ വീണ്ടും റിമാന്‍ഡില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസില്‍ ഇന്നലെ കീഴടങ്ങിയ ടി.വി. രാജേഷ് എം.എല്‍.എയെയും 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍. ഷുക്കൂറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് വിവരം ലഭിച്ചിട്ടും തടഞ്ഞില്ലെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെയുള്ളത്.