കണ്ണൂര്‍: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് സി.പി.ഐ.എം നേതാവും പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനുമായ എം.വി.ജയരാജന്‍. അന്യായമായ ഒരു സഹായവും യു.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജിന് നല്‍കിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

ന്യായമായ സഹായം പോലും സര്‍ക്കാരില്‍ നിന്ന് മെഡിക്കല്‍ കോളേജിന് ലഭിച്ചിട്ടില്ല. സി.പി.ഐ.എം. നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രിയുടെ മകള്‍ക്കു ജനറല്‍ മെഡിസിന്‍ പി.ജിക്കു പേമെന്റ് സീറ്റില്‍ പ്രവേശനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് ജയരാജന്റെ വിശദീകരണം.

ആരോഗ്യമന്ത്രിയുടെ മകള്‍ വഴിവിട്ടാണ് പരിയാരത്ത് പ്രവേശനം നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും എസ്.എഫ്.ഐയും ആരോപിച്ചിരുന്നു.