ചെങ്ങന്നൂര്‍: തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ വീണ് കാണാതായ ചെങ്ങന്നൂര്‍ സ്വദേശി ജയരാജന്‍ നായരു(43)ടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിക്കടുത്ത് കെബ്‌സിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊങ്കണ്‍പാതയില്‍ രത്‌നഗിരിക്കടുത്തുള്ള ബോക്ക സ്‌റ്റേഷനടുത്ത് വെച്ചാണ് ജയരാജന്‍ നായരെ കാണാതായത്. അംബര്‍നാഥ് ശിവഗംഗ നഗര്‍ സണ്‍റൈസ് സൊസൈറ്റി നിവാസിയാണ് ഇയാള്‍. വ്യാഴാഴ്ച കാലത്ത് മൂകാംബികയില്‍ കുഞ്ഞിന്റെ ചോറൂണ് നടത്തി ഭാര്യ ലീനയ്ക്കും മക്കള്‍ക്കുമൊപ്പം നേത്രാവതിയില്‍ മുംബൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Subscribe Us:

രാത്രി പത്തരയോടെ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ തീവണ്ടിയുടെ വാതിലിനടുത്തെത്തിയപ്പോള്‍ തലചുറ്റി വീഴുകയായിരുന്നു. വണ്ടിയില്‍നിന്ന് അദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട മറ്റു യാത്രക്കാര്‍ ഉടന്‍ തന്നെ അപായച്ചങ്ങല വലിച്ചെങ്കിലും രണ്ടു കിലോമീറ്ററോളം അകലെയാണ് വണ്ടി നിര്‍ത്തിയതെന്ന് പറയുന്നു.

യാത്രക്കാരില്‍ ചിലര്‍ ഇറങ്ങി ജയരാജന്‍ വീണ സ്ഥലം പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന വിശദമായ പരിശോധനക്കൊടുവിലാണ് മൃതദേഹം കണ്ടത്.

കൊങ്കണ്‍പാതയില്‍ ഗതാഗതതടസ്സം നേരിട്ടതിനാല്‍ ബസ്സുകളിലും വണ്ടികള്‍ മാറിക്കയറിയും യാത്ര ചെയ്തതിനാല്‍ ജയരാജന് കാര്യമായ ക്ഷീണമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മസ്‌കറ്റില്‍ ജോലി ചെയ്യുന്ന ജയരാജന്‍ നായര്‍ ജൂലായ് എട്ടിനാണ് മുംബൈയില്‍ എത്തിയത്.