ഹൈദരാബാദ്: സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ദിനേശിന് പത്തൊന്‍പത് വര്‍ഷം തടവുശിക്ഷ വിധിച്ചു. ആന്ധ്രപ്രദേശിലെ ഓംഗോള്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

വധശ്രമത്തിന് ഏഴ് വര്‍ഷവും ഗൂഡാലോചനക്ക് ഏഴ് വര്‍ഷവും ആയുധം കൈവശം വെച്ചതിന് അഞ്ച് വര്‍ഷവും വീതമാണ് തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസിലെ മറ്റൊരു പ്രതി ചാലില്‍ ശശി നേരത്തെ കൊല്ലപ്പെട്ടിരുന്നു.

1995 ഏപ്രില്‍ 12നു ചണ്ഡീഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ചെന്നൈ ദില്ലി രാജധാനി ട്രെയിനില്‍ യാത്ര ചെയ്യവേ ആന്ധ്രയിലെ ബാപട്‌ലയ്ക്കും ചിറാലയ്ക്കുമിടയിലാണ് വധശ്രമമുണ്ടായത്. ജയരാജന് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജയരാജന് തലക്ക് ഗുരുതരമായി പരിക്കേറ്റു. തലശേരി സ്വദേശി വി. ശശി, കൂത്തുപറമ്പു സ്വദേശി കെ. ദിനേശ് എന്നിവരായിരുന്നു പ്രതികള്‍.

ഇ.പി.ജയരാജനുനേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ എം.വി രാഘവനേയും കെ.സുധാകരനേയും വിചാരണക്കായി വിളിക്കണമെന്ന് വാദിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തത്കാലം ഇവരെ വിളിക്കേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഈ വിധി പിന്നീട് സുപ്രീംകോടതി ശരിവെച്ചു.

കേസിന്റെ വിചാരണ ആന്ധ്രപ്രദേശില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ജയരാജന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, ഇരുവരേയും പ്രതികളാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ കൊടുത്തിരുന്നു. അതിനെത്തുടര്‍ന്ന് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചു.

എന്നാല്‍ ഹൈക്കോടതി അത് സ്‌റ്റേ ചെയ്യുകയായിരുന്നു. തെളിവില്ലാതെ, പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയില്‍ നടത്തിയ മൊഴി അടിസ്ഥാനമാക്കി ഇരുവരേയും വിളിച്ചുവരുത്തുന്നത് ശരിയെല്ലന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.