എഡിറ്റര്‍
എഡിറ്റര്‍
ഷുക്കൂര്‍ വധം: ജയരാജന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല
എഡിറ്റര്‍
Thursday 21st June 2012 9:00am

കണ്ണൂര്‍:  അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഇന്ന് വീണ്ടും ഹാജരാകാനാവില്ലെന്നു കാണിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കത്തയച്ചു. നടുവേദന ആയതുകാരണം ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് പറഞ്ഞിരിക്കുകയാണെന്നും മൊഴി നല്‍കാന്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചാണ് കത്ത്.

അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ യു. പ്രേമനാണ് അദ്ദേഹം കത്തയച്ചത്. മുമ്പ് ആര്‍.എസ്.എസുകാരുടെ വധശ്രമത്തിനിരയായ തനിക്ക് ഒരുപാട് അസുഖങ്ങളുണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഹാജരാകാമെന്നുമാണു കത്തില്‍ പറയുന്നത്.

ഇക്കഴിഞ്ഞ 12 ാം തിയ്യതിയായിരുന്നു ജയരാജനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ജയരാജന്റെ പിന്‍മാറ്റത്തോടെ ജൂലൈ ഒന്നിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനുള്ള സാധ്യത കുറവാണ്.

സി.പി.ഐ.എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിന്റെ മൊഴിയാണ്  ടി.വി. രാജേഷ് എം.എല്‍.എയ്‌ക്കെതിരെയും പി. ജയരാജനെതിരെയും അന്വേഷണം ഉയരാന്‍ കാരണമായത്. ഷുക്കൂര്‍ കൊല്ലപ്പെടുന്നതിനുമുമ്പ് നടന്ന ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയായിരുന്നു വേണുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 ാം നമ്പര്‍ മുറിയില്‍ നിന്ന് അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ബാബുവിനെ താന്‍ വിളിച്ചെന്നായിരുന്നു വേണുവിന്റെ മൊഴി. ഈ സമയം പി. ജയരാജനും രാജേഷും മുറിയിലുണ്ടായിരുന്നുവെന്നും വേണു മൊഴി നല്കിയിരുന്നു.  എന്നാല്‍ ജയരാജനെ ചോദ്യം ചെയ്തപ്പോള്‍ വേണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നത്.

ഹാജരാകാന്‍ കഴിയില്ലെന്ന ജയരാജന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.

Advertisement