Categories

വിവാദ ദേവപ്രശ്‌നം:ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി ശബരിമല വിവാദ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈബ്രാംഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു . റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദേവപ്രശ്‌നത്തില്‍ മുഖ്യ ജോത്സ്യനായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരാണ് ഒന്നാം പ്രതി. ഇദ്ദേഹത്തിന്റെ സഹായി രഘുപതിയാണ് രണ്ടാം പ്രതിയും സിനിമാ താരം ജയമാല മൂന്നാം പ്രതിയുമാണ്.

2006 ജൂണിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണു വിവാദമായത്.

ഒരു സ്ത്രീ ശബരിമല ശ്രീകോവിലിലെ മുഖ്യ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണ പണിക്കരുടെ പ്രവചനം. അടുത്ത ദിവസം പ്രമുഖ നടിയായ ജയമാല ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച സ്ത്രീ താനാണെന്നു വ്യക്തമാക്കി. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു.

10 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനു വിലക്കുണ്ട്. കോട്ടയംക്രൈംബ്രാഞ്ച് വിഭാഗത്തിലെ സൂപ്രണ്ടായ രാമചന്ദ്രന്‍ നായര്‍ നടത്തിയ അന്വേഷണത്തില്‍ ജയമാലയുടെ ശബരിമല ദര്‍ശനം വ്യാജമാണെന്നു കണ്ടെത്തി.

ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചു. ഉണ്ണികൃഷ്ണപണിക്കരും മറ്റു ചിലരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നു ജയമാല ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. ഉണ്ണികൃഷ്ണപണിക്കര്‍ ജയമാലയുടെയും ജ്യോത്സരായിരുന്നു. വിശ്വസ്തനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യാനുസരണം പ്രവര്‍ത്തിച്ചതെന്നും ജയമാല മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ജയമാലയെയും കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.