കോട്ടയം: ശബരിമല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിനിമാ താരം ജയമാലയെയും പ്രതിയാക്കും. നേരത്തേ പ്രതിസ്ഥാനത്തുനിന്ന് ജയമാലയെ ഒഴിവാക്കിയിരുന്നു.

എന്നാല്‍ അന്തിമ കുറ്റപത്രത്തില്‍ ജയമാലയെ പ്രതിയാക്കണമെന്നു സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ കോട്ടയം ജില്ലാ െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണു ജയമാലയെ പ്രതിയാക്കാന്‍ തീരുമാനിച്ചത്.

നാലാം പ്രതിയായാണു ജയമാലയെ ഉള്‍പ്പെടുത്തുക. കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റമാണ് ജയമാലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ദേവപ്രശ്‌നത്തിലെ മുഖ്യ ജ്യോത്സ്യനായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരാണ് ഒന്നാം പ്രതി.

ഇദ്ദേഹത്തിന്റെ സഹായി രഘുപതി രണ്ടാം പ്രതിയും ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വി.എസ്. രാജഗോപാലന്‍ നായര്‍ മൂന്നാം പ്രതിയുമാണ്.
2006 ജൂണിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണു വിവാദമായത്.

ഒരു സ്ത്രീ ശബരിമല ശ്രീകോവിലിലെ മുഖ്യ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണ പണിക്കരുടെ പ്രവചനം. അടുത്ത ദിവസം പ്രമുഖ നടിയായ ജയമാല ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച സ്ത്രീ താനാണെന്നു വ്യക്തമാക്കി. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു.

10 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനു വിലക്കുണ്ട്.
കോട്ടയം ക്രൈംബ്രാഞ്ച് വിഭാഗത്തിലെ സൂപ്രണ്ടായ രാമചന്ദ്രന്‍ നായര്‍ നടത്തിയ അന്വേഷണത്തില്‍ ജയമാലയുടെ ശബരിമല ദര്‍ശനം വ്യാജമാണെന്നു കണ്ടെത്തി.

ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചു. ഉണ്ണികൃഷ്ണപണിക്കരും മറ്റു ചിലരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നു ജയമാല െ്രെകംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. ഉണ്ണികൃഷ്ണപണിക്കര്‍ ജയമാലയുടെയും ജ്യോത്സരായിരുന്നു. വിശ്വസ്തനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യാനുസരണം പ്രവര്‍ത്തിച്ചതെന്നും ജയമാല മൊഴി നല്‍കി. തുടര്‍ന്നു ജയമാലയെയും പ്രതിയാക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.

നിരപരാധിയാണെന്നും കേസില്‍ പ്രതിചേര്‍ക്കരുതെന്നും ജയമാല സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. ദേവസ്വം മന്ത്രി ഈ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി. തുടര്‍ന്നാണു ജയമാല പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടത്. ആറുമാസത്തിനകം സമര്‍പ്പിക്കേണ്ട കുറ്റപത്രം ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോള്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.

ഗൂഢാലോചനയില്‍ ജയമാലയ്ക്കു പങ്കുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും അവരെ പ്രതിചേര്‍ത്തില്ലെങ്കില്‍ കേസിനു നിലനില്‍പ്പില്ലെന്നും ക്രൈം ബ്രാഞ്ച് വാദിച്ചു. കേസ് നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണമെങ്കില്‍ മാപ്പു സാക്ഷിയാകാന്‍ അവസരമുണ്ടെന്ന െ്രെകംബ്രാഞ്ചിന്റെ വാദം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഇതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിനു വിശദമായ കത്തും നല്‍കി. ആഭ്യന്തര വകുപ്പ് ഈ നിര്‍ദേശം അംഗീകരിച്ചു. തുടര്‍ന്നാണു നാലാം പ്രതിയായി ജയമാലയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.