തമിഴില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സ്മാനിച്ച നടനാണ് ജയംരവി. അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും കോളിവുഡിലും മോളിവുഡിലും സൂപ്പര്‍ഹിറ്റ്. എന്നാല്‍ ഡബിള്‍ റോള്‍ എന്നത് രവിയുടെ സ്വപ്‌നമായി അവശേഷിച്ചിരുന്നു. എന്നാല്‍ ആ സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാകുകയാണ്.

പരുത്തിവീരന്‍ സംവിധായകന്‍ അമീര്‍ ഒരുക്കുന്ന ‘ആദിഭഗവാനി’ ല്‍ ജയംരവി ഇരട്ടവേഷത്തിലാണെത്തുന്നത്. ആദ്യമായാണ് ജയം രവി ഇരട്ടവേഷത്തിലെത്തുന്നത്. വളരെ ശക്തമായ കഥയാണിതെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. ജയംരവിയുടെ ഒരു കഥാപാത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്. നീതു ചന്ദ്രയാണ് ചിത്രത്തിലെ നായിക.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. ആദ്യ ഷെഡ്യൂള്‍ തായ്‌ലണ്ടിലാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള ഭാഗങ്ങള്‍ മുംബയിലും ചെന്നൈയിലുമാണ് ഷൂട്ട് ചെയ്യുക. അമീര്‍ സുല്‍ത്താന്റെ മുന്‍ ചിത്രങ്ങളായ ‘മൗനം പേശിയതേ, ‘പരുത്തിവീരന്‍’ എന്നിവയായിരുന്നു സൂര്യയെയും കാത്തിയെയും നായകരായി പ്രതിഷ്ഠിച്ച ചിത്രങ്ങള്‍. ജയം രവിയെയും പിടിച്ചുയര്‍ത്താന്‍ ആദിഭഗവാന് കഴിയുമെന്നാണ് പരക്കെയുള്ള പ്രചരണം.

സുധാ ചന്ദ്രനും ബാബു ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.